ഏപ്രിൽ 22-ന് ആരംഭിക്കുന്ന ചാർധാം തീർഥാടകർക്ക് സഹായവുമായി ഉത്തരാഖണ്ഡ് ടൂറിസം. ചാർധാം റൂട്ടിൽ മുൻകൂട്ടി ബുക്ക് ചെയ്ത അതിഥികൾക്ക് ഹോട്ടലുകളിൽ ഓൺ-കോൾ രജിസ്‌ട്രേഷൻ നൽകാൻ ഉത്തരാഖണ്ഡ് ടൂറിസം തീരുമാനിച്ചു. തീർഥാടകരെ സഹായിക്കുന്നതിനായി ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് ബോർഡ് രാവിലെ ഏഴ് മുതൽ രാത്രി പത്ത് വരെ കോൾ സെന്റർ തുറന്ന് പ്രവർത്തിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് ടൂറിസം അറിയിച്ചു.
ചാർധാം യാത്രയ്‌ക്കായി മുൻകൂട്ടി ബുക്ക് ചെയ്ത തീർഥാടകരുടെയും, ചാർധാമിലുള്ള ഹോട്ടലുടമകളുടെയും സൗകര്യത്തിനായി, വെബ് പോർട്ടൽ അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി അതേ തീയതികളിൽ യാത്രാ രജിസ്‌ട്രേഷൻ നേടുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ്, ഹേമകുന്ത് സാഹിബ് എന്നീ സ്ഥലങ്ങളിലേക്കാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. ഇതിനായി ടോൾ ഫ്രീ നമ്പറുകൾ നൽകിയിട്ടുണ്ട്.
https://registrationandtouristcare.uk.gov.in/
ഏപ്രിൽ 25നാണ് യാത്ര ആരംഭിക്കുന്നത്. ഹെലികോപ്റ്ററിൽ കേദാർനാഥ് ധാമിലേക്ക് യാത്ര ചെയ്യുന്ന തീർഥാടകരുടെ സൗകര്യാർത്ഥം ഓൺലൈൻ ബുക്കിംഗിന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന് (ഐആർസിടിസി) അധികാരം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു.
ചാർധാം യാത്ര കണക്കിലെടുത്ത്, മൊത്തം 6.34 ലക്ഷം ഭക്തർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് കൗൺസിൽ മാർച്ചിൽ പറഞ്ഞിരുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഉത്തരാഖണ്ഡിലെ ചാർധാം യാത്ര. ഈ തീർത്ഥാടനം ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് പുണ്യസ്ഥലങ്ങളുടെ ഒരു പര്യടനമാണ്. ഏപ്രിൽ 22 ന് യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങൾ തുറന്ന് ചാർധാം യാത്ര ആരംഭിക്കും. കേദാർനാഥ് ഏപ്രിൽ 25 നും ബദരീനാഥ് ഏപ്രിൽ 27 നും തുറക്കും.
രജിസ്റ്റട്രേഷന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെബ്സൈറ്റ് മുഖേനയാണ് യാത്രയ്‌ക്ക് രജിസ്റ്റർ ചെയ്യേണ്ടത്. നിലവിൽ വെബ് സൈറ്റിൽ അക്കൗണ്ട് ഉള്ളവർക്ക് ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യാനും മറ്റുള്ളവർക്ക് നേരിട്ട് രജിസ്ട്രേഷനിലേക്ക് കടക്കാനും സാധിക്കും. രജിസ്ട്രേഷൻ പൂർത്തീകരിക്കുന്നവർ ശരിയായ മൊബൈൽ നമ്പറും മുഴുവൻ പേരും നൽകിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ കുടുംബാംഗങ്ങളെ മുഴുവൻ ഉൾക്കൊള്ളിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.
https://regitsrationandtouristcare.uk.gov.in/
പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നവർ കൃത്യമായ പാസ് വേർഡും നൽകേണ്ടതുണ്ട്. സൈൻ ഇൻ ചെയ്തതിന് ശേഷം രജിസ്ട്രേഷൻ പൂർത്തിയാക്കിയ വ്യക്തിയുടെ പേരിൽ ഒരു ഡാഷ്ബോർഡ് കാണാവുന്നതാണ്. ഇതിൽ ക്രിയേറ്റ് അല്ലെങ്കിൽ ‘മാനേജ് യുവർ ടൂർ’ എന്ന ഓപ്ഷനിലൂടെ യാത്രക്കാർക്ക് തങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യാൻ സാധിക്കും. ഇതിന്റെ ഭാഗമായി ഏത് തരത്തിലുള്ള യാത്രയാണ് ഉദ്ദേശിക്കുന്നതെന്നും പോകുവാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ, ഒപ്പമുള്ള യാത്രക്കാരെ സംബന്ധിച്ച വിവരങ്ങൾ തീയതികൾ എന്നിവ രേഖപ്പെടുത്തേണ്ടതുണ്ട്.
ഇത്രയും വിവരങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം സേവ് ചെയ്താൽ മാത്രമാണ് രജിസ്ട്രേഷനുള്ള ഓപ്ഷൻ ലഭിക്കുക. പോകുവാൻ സാധിക്കുന്ന സ്ഥലങ്ങളുടെ വിശദവിവരങ്ങൾ ഇവിടെ നിന്നാണ് ലഭിക്കുക. ആവശ്യ വിവരങ്ങൾ ഉൾപ്പെടുത്തി പൂരിപ്പിക്കുക. ഇത് പൂർത്തീകരിച്ചതിന് ശേഷമാവും രജിസ്ട്രേഷൻ ചെയ്തുവെന്ന് തെളിയിക്കുന്ന രേഖകൾ ലഭിക്കുന്നത്. യാത്രയ്‌ക്കൊരുങ്ങുമ്പോൾ ക്യൂആർ കോഡ് ഉൾപ്പെട്ടിട്ടുള്ള രേഖ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടത്.
ഇതിനോടൊപ്പം തന്നെ രജിസ്ട്രേഷൻ ഐഡി ഉൾപ്പെടുന്ന ഒരു എസ്എംഎസും നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ലഭിക്കും. വേരിഫിക്കേഷന് ശേഷം ഒരു ‘യാത്രി’ സർട്ടിഫിക്കറ്റ് ഇതിനൊപ്പം ലഭിക്കും. യാത്ര സംബന്ധിച്ച് കൂടുതൽ സഹായങ്ങൾക്കായി ഉത്തരാഖണ്ഡ് ടൂറിസ്റ്റ് കെയർ എന്ന ആപ്പും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
തീർഥാടകർക്ക് യാത്രാ രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ touristcareuttarakhand@gmail.com എന്ന മെയിൽ വഴിയും ബന്ധപ്പെടാം. കേദാർനാഥ് ധാമിന്റെ പോർട്ടലുകൾ എല്ലാ ഭക്തർക്കുമായി ഏപ്രിൽ 25ന് തുറന്നുനൽകും.
ഓൺ-കോൾ രജിസ്‌ട്രേഷൻ ചെയ്യുന്നവർക്ക്, ഉത്തരാഖണ്ഡിനുള്ളിൽ നിന്നും 1364 എന്ന നമ്പറിലോ ഉത്തരാഖണ്ഡിന് പുറത്തുള്ളവർ 0135-1364 അല്ലെങ്കിൽ 0135-3520100 – എന്ന നമ്പറിലോ ബന്ധപ്പെടാം.
അതേസമയം നേരത്തെ ഏപ്രിൽ 22-ന് ആരംഭിക്കുന്ന ചാർധാം യാത്രയ്‌ക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചിരുന്നു. പുറത്തു വിട്ട പുതിയ ഉത്തരവ് പ്രകാരം ഇവിടെയെത്തുന്നവർക്ക് രജിസ്ട്രേഷൻ കർശനമാക്കിയിരിക്കുകയാണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്ത ആർക്കും യാത്രാനുമതി നൽകില്ലെന്നതാണ് സർക്കാർ നിലപാട്.
















Comments