തിരുവനന്തപുരം: സംസ്ഥാനത്ത് അരിവാൾ രോഗം പടരുന്ന സാഹചര്യം. അതേസമയം രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണവും പ്രതിമാസ പെൻഷനും മുടങ്ങിയിട്ട് മാസങ്ങളായി. സാമ്പത്തിക പ്രതിസന്ധി പറഞ്ഞാണ് രോഗികളെ സർക്കാർ ദുരിതത്തിലാക്കിയത്. എല്ലാം പ്രഖ്യാപനങ്ങിൽ മാത്രമായി ഒതുങ്ങുകയാണ് എന്നാണ് രോഗികളുടെ പരാതി. ആയിരത്തിലേറെ രോഗികൾ വയനാട് ജില്ലയിൽ മാത്രം ഉണ്ടെന്നാണ് കണക്ക്.
അരിവാൾ രോഗികൾക്കായി സർക്കാർ രണ്ടരകോടി രൂപയാണ് സംസ്ഥാന ബജറ്റിൽ നീക്കിവെച്ചത്. 2000 മുതൽ 2500 രൂപ വരെയാണ് പ്രതിമാസം സർക്കാർ നൽകുന്ന പെൻഷൻ. എന്നാൽ ഇപ്പോൾ പെൻഷൻ മുടങ്ങിയിട്ട് നാല് മാസം കഴിഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഇവർക്ക് സൗജന്യ മരുന്ന് ലഭിച്ചിരുന്നു. ഈയിടെയായി മരുന്നും കിട്ടാനില്ല.
വരുമാനമില്ലാത്ത കുടുംബങ്ങൾക്ക് സർക്കാർ നൽകിയിരുന്ന ചികിത്സധനം മാത്രമായിരുന്നു ഏക ആശ്രയം. ആകെയുള്ള ഈ സാമ്പത്തീക സഹായം കൂടി നിലച്ചതോടെ രോഗികളുടെ സ്ഥിതി പരുങ്ങലിലായി. എന്നാൽ പരാതിയുമായി സമീപിക്കുന്ന രോഗികളോട് ഫണ്ടില്ലെന്നാണ് അധികൃതരുടെ മറുപടി. വയനാട് ബോയ്‌സ് ടൗണിൽ തുടങ്ങുമെന്ന് അറിയിച്ച ഗവേഷണ കേന്ദ്രവും വാഗ്ദാനങ്ങളിൽ ഒതുങ്ങി. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് നടത്തുമെന്ന് പറഞ്ഞ് രോഗ നിർണ്ണയ ക്യാമ്പുകൾ മുടങ്ങിയിട്ട് ഇന്ന് 8 വർഷമാകുന്നു.
















Comments