മലയാളികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. പ്രണയവും ശേഷമുള്ള വിവാഹവുമെല്ലാം വലിയവാർത്തയായിരുന്നു. ഇന്നും താരദമ്പതികളുടെ വിശേശങ്ങൾ വളരെപ്പെട്ടന്നാണ് വെെറലാകുന്നത്. ഇപ്പോഴിതാ ജയറാമിനും പാര്‍വതിക്കുമൊപ്പമുള്ള രസകരമായ ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ സിദ്ദീഖ്. പാര്‍വതിയും ജയറാമും പ്രണയത്തിലായിരുന്ന സമയത്ത് അവര്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ചാണ് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറയുന്നത്. ജയറാമിന് വേണ്ടി പാര്‍വതിയുടെ വീട്ടിലേക്ക് താന്‍ വിളിച്ചിരുന്നു എന്നും സത്യത്തിൽ പാര്‍വതിയുടെ അമ്മയോടൊക്കെ കാണിക്കുന്ന വലിയ ചതിയാണെ അതെന്നും അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞു.
‘പണ്ട് എറണാകുളത്തെ വീട്ടിലുള്ള സമയത്ത് ജയറാം വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ഷൂട്ടിങ്ങൊന്നും ഇല്ലെങ്കില്‍ നീ തിരുവനന്തപുരത്തേക്ക് വരാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ തിരുവന്തപുരത്തേക്ക് പോയി. എന്റെയൊരു മാരുതി കാറൊക്കെ ഓടിച്ചാണ് ഞാന്‍ പോയത്. അവിടെ ചെന്ന് കഴിയുമ്പോള്‍ ഞാനും ജയറാമും ഒരു മുറിയിലാണ് താമസിക്കുന്നത്.
ജയറാം അവിടെയിരുന്ന് പാര്‍വതിയുടെ വീട്ടിലേക്ക് വിളിക്കും. ജയറാമിന് വിളിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തത് കൊണ്ട് ഞാൻ വിളിച്ച് പാര്‍വതിയുടെ അമ്മയുടെ അടുത്തൊക്കെ സംസാരിക്കും. എനിക്ക് അവരുടെ വീട്ടിലേക്ക് വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അമ്മ കുറെ നേരം വര്‍ത്തമാനമൊക്കെ പറഞ്ഞിട്ട് ഫോണ്‍ പാര്‍വതിക്ക് കൊടുക്കും. പാര്‍വതിയുടെ ഹലോ കേള്‍ക്കുമ്പോല്‍ തന്നെ ജയറാം ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങിക്കും.‘ ഇത് ശരിക്കും എന്തൊരു ചതിയാണ് അമ്മയോട് ചെയ്യുന്നതെന്ന് ആലോചിച്ച് നോക്കണമെന്ന് സിദ്ദീഖ് ചോദിച്ചു.
‘പിന്നീട് പാര്‍വതിയോട് സംസാരിക്കുമ്പോൾ റൂമില്‍ നിന്ന് ഇറങ്ങിപ്പൊക്കോളാന്‍ പറയും. തുടർന്ന് അവര്‍ കുറേ നേരം സംസാരിക്കും. കുറച്ച് കഴിയുമ്പോള്‍ എന്റെ കയ്യില്‍ തരും. പാര്‍വതിയുടെ അമ്മ പറയും ഊണ് കഴിക്കാന്‍ ഒരു ദിവസം ഇങ്ങോട്ട് വരാന്‍. അത് കേള്‍ക്കുമ്പോള്‍ കാറുമൊക്കെയായി ഉച്ചയാകുമ്പോള്‍ അവിടേക്ക് ചെല്ലും.
അങ്ങനെ അവിടുന്ന് ഊണൊക്കെ കഴിച്ച് വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കും. കുറച്ച് കഴിയുമ്പോള്‍ പാര്‍വതി പറയും എന്നാല്‍ സിദ്ദീഖിന്റെ കൂടെ പുറത്തൊക്കെ പോയിട്ട് വരാമെന്ന്. അപ്പോള്‍ അമ്മ സമ്മതിക്കും. ഡ്രൈവിങ് സീറ്റില്‍ ഞാനിരിക്കുന്നു, ഫ്രണ്ടില്‍ പാര്‍വതിയിരിക്കുന്നു. പുറകിലാണെങ്കില്‍ ജയറാമുമുണ്ട്. അത്രയും സമയം ഏ.സി പോലും ഇടാതെ കാറില്‍ വിയര്‍ത്ത് കുളിച്ച് കാത്തിരിക്കുകയായിരിക്കും ജയറാം.’- എന്നാണ് സിദ്ദീഖ് പറയുന്നത്.
Comments