ഷില്ലോങ് : മേഘാലയയിലെ സൗത്ത് ഗാരോ കുന്നുകളിലെ ഗുഹയിൽ നിന്ന് പുതിയ ഇനം തവളകളെ കണ്ടെത്തി. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ തവളകളെ കണ്ടെത്തിയത്. നാല് കിലോമീറ്റർ നീളമുള്ള പ്രകൃതിദത്ത ചുണ്ണാമ്പുകല്ല് നിറഞ്ഞ ഗുഹയിൽ നിന്ന് കാസ്‌കേഡ് റാനിഡ് ഇനത്തിലുള്ള തവളെയാണ് ഗവേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ഗുഹയിൽ 60-100 മീറ്റർ ആഴത്തിൽ നിന്നാണ് തവളയെ കണ്ടെത്തിയതെന്ന് ഗവേഷകർ അറിയിച്ചു. രാജ്യത്ത് ഗുഹയ്‌ക്കുള്ളിൽ നിന്ന് തവളയെ കണ്ടെത്തുന്നത് ഇത് രണ്ടാം തവണയാണ്. 2014-ൽ തമിഴ്നാട്ടിലെ ഒരു ഗുഹയിൽ നിന്ന് മറ്റൊരു പുതിയയിനം തവളയെ കണ്ടെത്തിയിരുന്നു. ഗവേഷകർ സൗത്ത് ഗാരോ ഹിൽസ് ജില്ലയിലെ ഗുഹയിൽ നീണ്ട നേരത്തെ പരിശോധനയ്‌ക്കൊടുവിലാണ് കാസ്‌കേഡ് റാനിഡ് തവളയെ കണ്ടെത്തിയത്.
‘രൂപം, തന്മാത്രാ, എന്നിവയെ അടിസ്ഥാനമാക്കിയുള്ള തവളകളുടെ കണ്ടെത്തൽ ശാസ്ത്രലോകത്തിന് പുതിയതാണെന്നും അതിനാൽ തവളയെ കണ്ടെത്തിയ ഗുഹയ്‌ക്ക് സിജു എന്ന് പേരിടാൻ തീരുമാനിക്കുകയായിരുന്നെന്നും ഗവേഷണ സംഘം പറഞ്ഞു. വടക്കുകിഴക്കൻ ഇന്ത്യയിലെ തവളകളെ കുറിച്ച് പൂർണമായും ഗവേഷണം നടത്താൻ സാധിച്ചിട്ടില്ലെങ്കിലും സൗത്ത് ഗാരോ ഹിൽസ് പോലെയുള്ള പ്രദേശങ്ങളിൽ നിന്ന് പുതിയ ഇനങ്ങളെ കണ്ടെത്തുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറഞ്ഞു.
















Comments