തൃശൂർ: പൂങ്കുന്നം സീതാ രാമസ്വാമി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിക്കുന്നതിനുള്ള ഹനുമാൻ പ്രതിമയ്‌ക്ക് വൻ വരവേൽപ്പ്. 35 അടി ഉയരമുള്ള ഒറ്റക്കല്ലിൽ തീർത്ത ഹനുമാൻ പ്രതിമയ്‌ക്കാണ് വൻ സ്വീകരണം. ഇന്നലെ രാത്രി മുതൽ തന്നെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. ഇന്ന് പ്രാഥമിക തയ്യാറെടുപ്പുകൾ പൂർത്തിയായതിന് ശേഷം മാസാവസാനത്തോടെ അനച്ഛാദന കർമ്മം നിർവഹിക്കും. ആന്ധ്രയിലെ അല്ലഗഡയിൽ കല്ലിൽ കൊത്തിയെടുത്തു കൊണ്ടുവന്ന പ്രതിമയാണിത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ ഹനുമാൻ പ്രതിമകളിൽ ഒന്നാണിത്.
ഇന്നലെ രാവിലെ പ്രതിമയെ നഗരത്തിലേക്ക് സ്വീകരിച്ചത് വൻ ഭക്തജന പ്രവാഹത്തോടെയായിരുന്നു. നഗരാതിർത്തിയായ മണ്ണുത്തി ചെറുകുളങ്ങര ക്ഷേത്രത്തിൽ കളക്ടർ വി ആർ കൃഷ്ണതേജ പ്രതിമയെ മാല ചാർത്തി സ്വീകരിച്ചു. സ്വരാജ് റൗണ്ട്, എംജി രോഡ്, പടിഞ്ഞാറേക്കോട്ട വഴിയാണ് പ്രതിമ പൂങ്കുന്നത്ത് എത്തുന്നത്. പുഷ്പഗിരി അഗ്രഹാരത്തിൽ പുഷ്പാർച്ചനയോടെ ഉത്സവാന്തരീക്ഷത്തിൽ പ്രതിമയെ സ്വീകരിക്കുകയായിരുന്നു.
തിരുവമ്പാട്, പാറമേക്കാവ്, ശങ്കരൻകുളങ്ങര, പൂങ്കുന്നം, ശിവക്ഷേത്രം തുടങ്ങിയ വിവധ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ ഇവിടെ സന്നിഹിതരായിരുന്നു.
Comments