അഹമ്മദാബാദ് : ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ഗുണ്ടാനേതാവ് ആതിഖ് അഹമ്മദ് .ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള പോലീസ് സംഘം ആതിഖ് അഹമ്മദിനെ കഴിഞ്ഞ ദിവസം സബർമതി സെൻട്രൽ ജയിലിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനിടയിലായിരുന്നു മാദ്ധ്യമങ്ങളോടുള്ള പ്രതികരണം .
“എന്റെ കുടുംബം നശിച്ചു. പക്ഷെ മാദ്ധ്യമപ്രവർത്തകർ ഉള്ളതിനാൽ ഞാൻ സുരക്ഷിതനാണ്, അവിടെ ജയിലിനുള്ളിൽ ജാമറുകൾ സ്ഥാപിച്ചതിനാൽ ആരെയും ഫോണിൽ വിളിക്കാൻ പറ്റില്ല . ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല, കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുകയാണ്,” ആതിഖ് അഹമ്മദ് പറഞ്ഞു.
എൻ കൗണ്ടറിൽ ഇല്ലാതാക്കുമെന്ന് ഭയമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘അവർ എന്നെ ഇതിനകം ഇല്ലാതാക്കിക്കഴിഞ്ഞു. സബർമതി ജയിലിലും ഞാൻ പീഡിപ്പിക്കപ്പെടുന്നു.‘ എന്നായിരുന്നു ആതിഖിന്റെ മറുപടി.ബുധനാഴ്ച അഹമ്മദിനെ പ്രയാഗ്‌രാജിലേക്ക് കൊണ്ടുപോകുന്ന പോലീസ് വാഹനവ്യൂഹം രാവിലെ 8.45 ഓടെ ഝാൻസിയിൽ നിന്ന് ഉത്തർപ്രദേശ് അതിർത്തിയിൽ പ്രവേശിച്ചു.
ഫെബ്രുവരി 24 നാണ് പ്രയാഗ്‌രാജിലെ ധൂമംഗഞ്ച് ഏരിയയിലെ വീടിന് പുറത്ത് ഉമേഷ് പാലും രണ്ട് പോലീസ് സുരക്ഷാ ഉദ്യോഗസ്ഥരും വെടിയേറ്റ് മരിച്ചത് .
ഉമേഷ് പാലിന്റെ ഭാര്യ ജയപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 25 ന് ആതിഖ് അഹമ്മദ്, സഹോദരൻ അഷ്‌റഫ്, ഭാര്യ ഷൈസ്ത പർവീൺ, രണ്ട് ആൺമക്കൾ, സഹായികളായ ഗുഡ്ഡു മുസ്ലീം, ഗുലാം എന്നിവർക്കും മറ്റ് ഒമ്പത് പേർക്കുമെതിരെ കേസെടുത്തു. ഉമേഷ് പാൽ വധക്കേസ് ഉൾപ്പെടെ നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആതിഖ് അഹമ്മദ് .
















Comments