തിരുവനന്തപുരം: മലയോരമേഖലയായ വിതുരയിലേക്ക് ഹെലി ടൂറിസം വരുന്നു. വിതുര ഫെസ്റ്റിന്റെ ഭാഗമായാണ് പ്രദേശത്ത് ഹെലി ടൂറിസം നടപ്പാക്കുന്നത്. വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലങ്ങളാണ് പൊന്മുടി, അഗസ്ത്യാർകൂടം, തെന്മല, ബ്രെയിമൂർ എന്നീ മലയോര സഞ്ചാരകേന്ദ്രങ്ങൾ. സന്ദർശകർക്ക് പാസിലൂടെയാണ് ഹെലികോപ്റ്ററിൽ പ്രവേശനം അനുവദിക്കുന്നത്.
വിതുരയിലെ വാവറക്കോണം അഞ്ചേക്കറിലാണ് ഹെലിപാഡ് ഒരുങ്ങുന്നത്. 35 മീറ്റർ നീളത്തിലും വീതിയിലുമാണ് ഹെലിപാഡ്
നിർമിക്കുന്നത്. തുടർന്ന് അഗസ്ത്യകൂടം, പേപ്പാറ, പൊന്മുടി, തെന്മല തുടങ്ങിയ പ്രകൃതിദത്ത സഞ്ചാരകേന്ദ്രങ്ങൾക്കു മുകളിലൂടെയാണ് ഹെലികോപ്റ്റർ സഞ്ചാരം. പത്തുദിവസത്തെ ഫെസ്റ്റിൽ രണ്ടു ദിവസമായിരിക്കും ഹെലി ടൂറിസം നടപ്പാക്കുക. ഒറ്റപ്പറക്കലിൽ ആറു പേർക്കാണ് പ്രവേശനം.
പദ്ധതി നടത്തിപ്പുകാരായ ഹോളിഡേ ഹെലി ടൂറിസം എം.ഡി. ബെന്നി, ഗ്രൂപ്പ് ക്യാപ്റ്റൻ ജി.ജി.കുമാർ എന്നിവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തി. ഹെലി ടൂറിസം പദ്ധതിയിലൂടെ മലയോര വിനോദസഞ്ചാരത്തിനു പുതിയ വഴികൾ തെളിയിക്കുകയാണ്. മേയ് ഒന്ന് മുതൽ പത്തുവരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
















Comments