ലക്നൗ : ഉത്തർപ്രദേശ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ മകൻ കൊലപ്പെട്ടതിനു പിന്നാലെ കോടതിയിൽ പൊട്ടിക്കരഞ്ഞ് ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദ് . ഉമേഷ് പാൽ വധക്കേസിൽ പ്രയാഗ്‌രാജിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് അസദിന്റെ ഏറ്റുമുട്ടൽ നടന്നത്. മകന്റെ മരണവാർത്ത ആതിഖ് അറിഞ്ഞതും കോടതിയിൽ വച്ചാണ് .
തന്റെ മകന്റെ മരണത്തിന് താനാണ് ഉത്തരവാദിയെന്ന് പറഞ്ഞായിരുന്നു ആതിഖ് അഹമ്മദ് കരഞ്ഞത് . മകന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ തന്നെ അനുവദിക്കണമെന്ന് ആതിഖ് സർക്കാരിനോട് അഭ്യർത്ഥിച്ചതായും ജയിൽ അധികൃതർ പറഞ്ഞു .
ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഝാൻസിയിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ അസദിന്റെ സുഹൃത്ത് ഗുലാമിനേയും പോലീസ് വധിച്ചു. രാജുപാൽ വധക്കേസിലെ സാക്ഷി ഉമേഷ് പാലിനെ കൊലപ്പെടുത്തിയത് ഗുലാമായിരുന്നു.
നേരത്തെ, അസദ് അഹമ്മദിന്റെ തലയ്‌ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഝാൻസിക്ക് സമീപം സുഹൃത്ത് ഗുലാമിനൊപ്പം അസദ് ഒളിവിൽ താമസിക്കുകയായിരുന്നു എന്ന് എസ്ടിഎഫ് വൃത്തങ്ങൾ പറഞ്ഞു. ഇരുവരിൽ നിന്നും വിദേശ ആയുധങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
















Comments