നായ്പിഡോ: മ്യാൻമാറിലെ വിമത മേഖലയിൽ സൈന്യം നടത്തിയ ആക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ 20-ഓളം കുട്ടികൾ ജീവൻ നഷ്ടമായാതായും മനുഷ്യാവകാശ സംഘടനയായ ക്യൂൻഹ്ല ആക്ടിവിസ്റ്റ് ഗ്രൂപ്പ് റിപ്പോർട്ട് ചെയ്യുന്നു. മ്യാൻമാറിൽ സൈന്യം അധികാരം പിടിച്ചടക്കിയ ശേഷം നടത്തിയ ഏറ്റവും രൂക്ഷമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്.
സംഭവസ്ഥലത്ത് ആരോഗ്യ പ്രവർത്തകർക്ക് പോലും സൈന്യം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സമാന്തര വിമത സർക്കാരിലെ മനുഷ്യാവകാശ മന്ത്രി ഓങ് മിയോ മിൻ പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും സൈനിക വിമാനങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്‌ട്ര സഭയും രംഗത്തുവന്നു.
സൈനിക അട്ടിമറിയെ തുടർന്നാണ് മ്യാൻമാറിൽ 2021-ൽ പിഡിഎഫ് എന്ന പീപ്പിൾസ് ഡിഫേൻസ് ഫോഴ്സ് രൂപീകരിച്ചത്. ഇവരുടെ പെയ്സിഗോ ഗ്രാമത്തിലെ ഓഫീസ് ഉദ്ഘാടന ചടങ്ങിലേക്കായിരുന്നു സൈന്യം ആക്രമണം അഴിച്ചുവിട്ടത്. സൈന്യത്തോട് വിയോജിപ്പുള്ളവരും നാഷണൽ യൂണിറ്റി ഗവൺമെന്റിനോട് അനുകൂലിക്കുന്നവരുമാണ് ഈ സംഘടയിലുള്ളത്.
Comments