തിരുവനന്തപുരം: കോവളം മുക്കോല പാതയിൽ ബൈക്കിടിച്ച് മരിച്ച നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതി കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് ആഷിക് പിടിയിൽ. ബൈക്ക് റേസിംഗാണ് അപകട കാരണമെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. റേസിംഗിന് ഉപയോഗിച്ച ബൈക്ക് കഴിഞ്ഞ ദിവസം കരമനയ്‌ക്കടുത്തുള്ള വർക്ക് ഷോപ്പിൽനിന്നാണ് പോലീസ് കണ്ടെടുത്തിരുന്നു.
മാർച്ച് 30- നായിരുന്നു സംഭവം. കോവളം ആഴാകുളം പെരുമരം എംഎ വിഹാറിൽ ഷൺമുഖ സുന്ദരം-അഞ്ജു ദമ്പതിമാരുടെ ഇളയ മകൻ യുവാ (4)യാണ് മരിച്ചത്. അമ്മയ്‌ക്കൊപ്പം ഭക്ഷണം വാങ്ങാൻ പോകവെ അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. നിർത്താതെ പോയ ബൈക്കിനായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇടിച്ചിട്ട ബൈക്കിൻറേതെന്ന് കരുതുന്ന ചില ഭാഗങ്ങൾ സംഭവ സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.
സിസി ടിവിയും ബൈക്ക് ഷോറൂമുകളും സർവീസ് സെന്ററുകളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കരമനയിലെ വർക്ക് ഷോപ്പിൽ നിന്നും ബൈക്ക് കണ്ടെടുത്തത്. തുടർന്ന് ശനിയാഴ്ച യുവാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് അപകടം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
പേടി കാരണമാണ് പോലീസിൽ കീഴടങ്ങാത്തതെന്ന് മുഹമ്മദ് ആഷിഖ് സമ്മതിച്ചതായി കോവളം എസ്എച്ച്ഒ എസ് ബിജോയ് പറഞ്ഞു. യുവാവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരിക്കുന്നത്.
















Comments