ധർമ്മസംസ്ഥാപനാർത്ഥം സ്ഥിതികാരകനായ ഭഗവൻ മഹാവിഷ്ണു പത്തവതാരങ്ങൾ എടുത്തിട്ടുണ്ടല്ലോ. അതിൽ ആദ്യത്തെത് മത്സ്യാവതാരമാണ്.
മത്സ്യാവതാരത്തിനു പിന്നിലെ ഐതീഹ്യം ഇങ്ങിനെയാണ് . സൂര്യന്റെ പുത്രനും സൂര്യകുലസ്ഥാപകനുമായ വൈവസ്വതമനുവിന്റെ (സത്യവ്രതൻ) കാലത്താണ് ജലപ്രളയവും മത്സ്യാവതാരവും സംഭവിച്ചത്. ബ്രഹ്‌മ സന്നിധിയില്‍ നിന്നും ഹയഗ്രീവന്‍ എന്ന അസുരന്‍ വേദ സംഹിതകള്‍ അപഹരിച്ച് കടലിന്റെ അടിത്തട്ടില്‍ പോയൊളിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങള്‍ തിരിച്ചെടുക്കുന്നതിന് വേണ്ടിയാണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്.
വൈവസ്വതമനു പൂർവ്വാശ്രമത്തിൽ സത്യവ്രതന്‍ എന്ന രാജാവായിരുന്നു. ഒരിക്കല്‍ സത്യവ്രതന്‍ കൃതമാലാ നദിയില്‍ കുളിച്ചു തര്‍പ്പണം നടത്തുമ്പോള്‍ നദിയില്‍ നിന്ന് ഒരു കുഞ്ഞുമത്സ്യം രാജാവിന്റെ കൈയിലകപ്പെടുകയും രാജാവ് അതിനെ ഒരു കുടത്തിലെ വെള്ളത്തിലിടുകയും ചെയ്യ്തു. വളരെ പെട്ടന്ന് തന്നെ മത്സ്യം വളര്‍ന്നു വന്നു. കുടത്തില്‍ നിന്നും കലശത്തിലും അതില്‍ നിന്നും കിണറ്റിലും അവിടെനിന്നു പിന്നീട് പൊയ്കയിലും മാറ്റി വിട്ടെങ്കിലും മത്സ്യത്തെ എങ്ങും കൊള്ളാതെ വന്നപ്പോള്‍ അതിനെ പുഴയിലേക്കു മാറ്റാന്‍ നിശ്ചയിച്ചു . അന്നേരം മത്സ്യം പറഞ്ഞു – അയ്യോ പുഴയില്‍ എന്നെക്കാള്‍ വലിയ മുതലകളുണ്ടാവും , എനിക്ക് പേടിയാണ്. അപ്പോള്‍ സത്യവ്രതന്‍ ആ മത്സ്യത്തെ സമുദ്രത്തില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങി . ‘ഇത്രനാളും എന്നെ വളര്‍ത്തിയ നീ ഇപ്പോൾ സമുദ്രത്തില്‍ ഉപേക്ഷിച്ചാല്‍ ഉഗ്രന്‍ മത്സ്യങ്ങളൊ ക്രൂരജന്തുക്കളൊ എന്നെ ഭക്ഷിക്കും’ എന്ന് മത്സ്യം പറഞ്ഞതു കേട്ടപ്പോള്‍ സത്യവ്രതന് ഇത് മഹാവിഷ്ണുവാണെന്ന് ബോധ്യമായി. വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യമായവതരിക്കുമെന്ന് രാജാവ് മുന്‍കൂട്ടി അറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ മത്സ്യം സാക്ഷാല്‍ മഹാവിഷ്ണുവിന്റെ അവതാരം തന്നെയെന്നു മനസ്സിലാക്കിയ സത്യവ്രതന്‍ ഭഗവാനെ സ്തുതിച്ചു .
അതുകേട്ടു പ്രസന്നനായ മത്സ്യാവതാരമൂര്‍ത്തി ഇങ്ങനെ അരുള്‍ ചെയ്തു – ‘ഇന്നേക്ക് ഏഴാം നാള്‍ മൂന്ന് ലോകവും പ്രളയസമുദ്രത്തില്‍ മുങ്ങും. ആ പ്രളയജലത്തില്‍ നീന്തിത്തുടിക്കാനായി ഞാന്‍ മത്സ്യരൂപം ധരിച്ചു. ഹയഗ്രീവനില്‍ നിന്നു വേദങ്ങളെ വീണ്ടെടുത്ത് ബ്രഹ്‌മാവിനെ ഏല്‍പിക്കുക എന്നതാണ് എന്റെ ലക്ഷ്യം . പ്രളയസമുദ്രത്തില്‍ അകപ്പെടുന്നതിനു മുന്‍പായി നീ എല്ലാ ഔഷധികളുടെയും വിത്തുകള്‍ സംഭരിച്ചു സൂക്ഷിക്കണം. ഏഴാംനാളില്‍ കടല്‍ പെരുകിവരും . നീ അതില്‍പ്പെടുമ്പോള്‍ ഒരു തോണി പൊങ്ങിവരുന്നതു കാണാം . സപ്തര്‍ഷികളും പല തരത്തിലുള്ള പ്രാണികളുമുള്ള ആ തോണിയില്‍ നീ കയറിക്കൊള്ളണം. ആ സമയം സൂര്യപ്രകാശം ഉണ്ടായിരിക്കുകയില്ല. ഋഷികളുടെ ബ്രഹ്‌മതേജസില്‍ സഞ്ചരിക്കാം. കൊടുങ്കാറ്റുണ്ടാകും. കപ്പല്‍ ആടി ഉലയും. അപ്പോള്‍ എന്നെ അങ്ങ് അടുത്തു കാണും . എന്റെ കൊമ്പില്‍ വാസുകിയെ കയറായി ഉപയോഗിച്ച് തോണി കെട്ടിയിടണം.ഞാന്‍ ആ തോണി വലിച്ചു കൊണ്ട് ഒരായിരം ചതുര്‍യുഗങ്ങള്‍ സഞ്ചരിക്കും . വിനോദത്തിനായി ഞാന്‍ തോണി അങ്ങുമിങ്ങും വലിച്ചുകൊണ്ടു പോകും . മഹര്‍ഷിമാരുടെ ഉപദേശപ്രകാരം നീ എന്നെ ധ്യാനിക്കുമ്പോള്‍ ഞാന്‍ അവിടെ പ്രത്യക്ഷനാകും . അക്കാലത്ത് നിനക്ക് മനശുദ്ധിയും വിരക്തിയും ഉണ്ടാകും . ആ കാലത്ത് അങ്ങ് പരബ്രഹ്‌മമായ എന്നോട് ചോദ്യങ്ങള്‍ ചോദിച്ച് പരമാര്‍ത്ഥതത്ത്വം അനുഭവിച്ചറിയുക. അതോടൊപ്പം തന്നെ ഞാന്‍ അങ്ങേയ്‌ക്ക് ജ്ഞാനോപദേശവും നല്കാം. ഇങ്ങനെ അരുള്‍ച്ചെയ്തിട്ട് മത്സ്യരുപിയായ ഭഗവാന്‍ സമുദ്രാന്തര്‍ഭാഗത്ത് മറഞ്ഞു .
രാജാവ് ഭഗവാന്റെ നിര്‍ദ്ദേശമനുസരിച്ച് വിത്തുകള്‍ ശേഖരിച്ചു. ഏഴാംദിവസം ലോകമാകെ പ്രളയസമുദ്രത്തില്‍ മുങ്ങാന്‍ തുടങ്ങി . തിരമാലകള്‍ക്കിടയില്‍ കാണപ്പെട്ട തോണിയില്‍ രാജാവ് സപ്തര്‍ഷികളോടൊപ്പം കയറി. മുനിമാരുടെ നിര്‍ദ്ദേശമനുസരിച്ച് രാജാവ് മത്സ്യാവതാരമൂര്‍ത്തിയെ ധ്യാനിച്ചു . അപ്പോള്‍ മത്സ്യരൂപിയായ ഭഗവാന്‍ അവിടെ പ്രത്യക്ഷനായി . നേരത്തേ നിര്‍ദ്ദേശിച്ചിരുന്നതനുസരിച്ച് തോണിയെ മത്സ്യത്തിന്റെ കൊമ്പില്‍ രാജാവ് ബന്ധിച്ചു . മത്സ്യമൂര്‍ത്തിയായ ഭഗവാന്‍ രാജാവിന് തത്ത്വജ്ഞാനം ഉപദേശിച്ചുകൊടുത്തു. പ്രളയാത്തിന്റെ അവസാനത്തില്‍ ഹയഗ്രീവനെ വധിച്ച് ഭഗവാന്‍ വേദങ്ങളെ തിരിച്ചെടുത്ത് ബ്രഹ്‌മാവിനെതിരിച്ച് ഏല്‍പിച്ചു. ബ്രഹ്‌മദേവന്‍ വീണ്ടും സൃഷ്ടികര്‍മ്മം ആരംഭിച്ചു . സത്യവ്രതന്‍ എന്ന രാജാവ് വൈവസ്വതന്‍ എന്നു പേരായ മനുവായി.
ഭഗവാൻ മഹാവിഷ്‌ണു ലോകരക്ഷാര്ഥം രൂപമെടുത്ത ഓരോ അവതാരത്തിനും ഭാരത വർഷത്തിൽ വെവ്വേറെ ക്ഷേത്രങ്ങളുമുണ്ട്. എങ്കിലും മത്സ്യാവതാര ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വമായാണ് കാണാറുള്ളത്. ബേട്ട് ദ്വാരകയിലെ ശംഖോദര ക്ഷേത്രം , ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ നാഗലപുരത്തിലെ വേദനാരായണക്ഷേത്രം, ശ്രീലങ്കയിലെ ട്രിങ്കോമാലിയിലെ കോനേശ്വരം മത്സ്യകേശ്വരം ക്ഷേത്രം, ബാംഗ്ലൂരിലെ മത്സ്യ നാരായണ ക്ഷേത്രം എന്നിവയാണ് പ്രധാനപ്പെട്ടവ.
മത്സ്യാവതാര ക്ഷേത്രങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും അതിലൊന്ന് നമ്മുടെ കൊച്ചു കേരളത്തിലാണ്. വയനാട് ജില്ലയിലെ മീനങ്ങാടി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. മഹാവിഷ്ണുവിന്റെ ആദ്യത്തെ അവതാരമായ മത്സ്യാവതാര പ്രതിഷ്ഠയുള്ള കേരളത്തിലെ ഏകക്ഷേത്രമെന്ന പ്രസിദ്ധിയുള്ള ഈ ക്ഷേത്രത്തിനു തൊള്ളായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്.
ക്ഷേത്രത്തിന് മുന്നിലായി മനോഹരമായ ഒരു ക്ഷേത്രക്കുളം സ്ഥിതി ചെയ്യുന്നുണ്ട്. ഈ ക്ഷേത്രം നിലവില്‍ വന്നതിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്. അത് ഈ ക്ഷേത്രക്കുളവുമായി ബന്ധപ്പെട്ടിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇതുവഴി പോയ ഒരു ഋഷിവര്യന്‍ സമീപത്ത് കണ്ട ജലാശയത്തില്‍ ദേഹശുദ്ധി വരുത്താനായി ഇറങ്ങിയത്രേ. അദ്ദേഹം കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ നിന്നൊരു മത്സ്യം വായുവിലേക്ക് ഉയര്‍ന്ന് നൃത്തമാടി കുളത്തിലേക്ക് താഴ്ന്നുപോയി. പലതവണ ഇതാവര്‍ത്തിച്ചു. ഇതില്‍ സംശയാലുവായ ആ ഋഷിക്ക് മഹാവിഷ്ണുവിന്റെ സാന്നിധ്യം ഈ സ്ഥലത്തുണ്ടെന്ന് ദിവ്യദൃഷ്ടിയാല്‍ മനസ്സിലായി, ഉടനെ അദ്ദേഹം കരയ്‌ക്കുകയറി ജലാശയത്തിന്റെ പടിഞ്ഞാറുവശത്ത് ഉയര്‍ന്നൊരുസ്ഥലത്ത് മത്സ്യാവതാര സങ്കല്‍പത്തില്‍ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. പിന്നീട് നാട്ടുമുഖ്യന്മാരെ വിളിച്ച് വിവരം അറിയിക്കുകയും ക്ഷേത്രം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അന്ന് “മീനാടിയ” സ്ഥലമാണ് ഇന്ന് മീനങ്ങാടിയായത്. മീനാടി, മീന്‍ അങ്കിടി, എന്നെല്ലാമാണ് മീനങ്ങാടിയുടെ പഴയപേരുകള്‍.ഋഷിയുടെ നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ച ക്ഷേത്രം പക്ഷെ ടിപ്പു സുൽത്താൻ കേരളത്തെ അക്രമിച്ചപ്പോൾ നശിപ്പിച്ചു. ടിപ്പു ആക്രമിച്ചു നശിപ്പിച്ച ശേഷം അഗ്നിക്കിരയാക്കിയ മീനങ്ങാടി മത്സ്യ മൂർത്തി ക്ഷേത്രം പിന്നീട് പുതുക്കി പണിഞ്ഞിട്ടുണ്ട്.
ക്ഷേത്രമുറ്റത്തായി ഒരു പന്തല്‍, ബലിക്കല്ല്, എന്നിവയും അകത്ത് കടന്നാല്‍ കിഴക്കോട്ട് ദര്‍ശനമായി ശ്രീകോവിലില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണു പ്രതിഷ്ഠയും. അത് കൂടാതെ ഉപദേവതരായ അയ്യപ്പന്‍, തൊട്ടടുത്ത് ഗണപതി, ദുര്‍ഗ എന്നീ പ്രതിഷ്ഠകളും കാണാനാവും. ഈ ക്ഷേത്രത്തില്‍ പാല്‍പ്പായസവും നെയ്പായസവും കൂടാതെ പുഷ്പാജ്ഞലിയും പ്രധാന വഴിപാടായി നടത്തിവരുന്നു. മംഗല്യഭാഗ്യത്തിനും സന്താനഭാഗ്യത്തിനും ഇവിടെ വഴിപാടുകള്‍ നടത്തുന്നത് ഫലവത്താണെന്നാണ് വിശ്വാസം.
കുംഭമാസം ഒന്നിന് കൊടിയേറി കുംഭം ആറിന് ആറാട്ടോടുകൂടി അവസാനിക്കുന്ന രീതിയിലാണ് ക്ഷേത്ര ഉത്സവം. തായമ്പകയാണ് പ്രധാന ആകർഷണം. ആദ്യദിവസം കൂട്ടക്കാവില്‍ നിന്നും എഴുന്നെള്ളത്ത് ഉണ്ടാകും. അന്നേ ദിവസം തന്നെ വെള്ളാട്ടും നടക്കും. അടുത്ത ദിവസത്തെ പ്രധാന ചടങ്ങ് കരുമന്‍കാവില്‍ നിന്നുള്ളതാണ്. രാത്രിയിലെ തിറ വെള്ളാട്ടം, അടുത്ത ദിവസത്തെ ഭഗവതി തിറ എന്നിവയെല്ലാം ഉത്സവത്തിന് മാറ്റ് കൂട്ടും. ഇത് കൂടാതെ ആയിരക്കണക്കിന് ആദിവാസികള്‍ ഉത്സവത്തില്‍ പങ്കെടുക്കുകയും തോറ്റം, പട്ടക്കളി, കോല്‍ക്കളി എന്നിവ അവതരിപ്പിക്കുകയും ചെയ്യും.മകരമാസത്തിലെ മകയിരം നാളിലാണ് പ്രതിഷ്ഠാ വാർഷികം.
ഈ ക്ഷേത്രത്തിൽ ആഘോഷമായിക്കൊണ്ടാടാറുള്ള മത്സ്യാവതാര ദിനം ഏപ്രിൽ 18 ചൊവ്വാഴ്ചയാണ്. അലങ്കാര പൂജ, സഹസ്രനാമജപം, നെയ് വിളക്ക് സമര്‍പ്പണം എന്നിവയോട് കൂടിയാണ് ഇത്തവണ ക്ഷേത്രത്തില്‍ മത്സ്യ ജയന്തി കൊണ്ടാടുന്നത്.
സംഗീത വി
(കോഴിക്കോട് ലിസ്സാ കോളേജിലെ രണ്ടാം വർഷ MA Journalism and Mass Communication വിദ്യാർത്ഥിനിയാണ്)
















Comments