സൈക്കിൾ ഓടിക്കാൻ അറിയാവുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. ആരോഗ്യദായകമായ ഒരു വിനോദം കൂടിയാണ് സൈക്കിളിംഗ്. എല്ലാ വാഹനങ്ങളെയും പോലെ തന്നെ സൈക്കിളിനെ മുന്നോട്ട് നയിക്കുന്നതും ചക്രങ്ങൾ തന്നെയാണ്. ചക്രങ്ങൾ എന്നാൽ അതിന് ഒറ്റരൂപമേയുള്ളൂ. വൃത്താകൃതി..
ചക്രങ്ങളുടെ ഈ രൂപം തന്നെയാണ് അതിവേഗം മുന്നോട്ട് പോകാൻ വാഹനങ്ങളെ സഹായിക്കുന്നതും. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു സൈക്കിളിന്റെ ചക്രങ്ങൾ അൽപം വ്യത്യസ്തമാണ്. വൃത്താകൃതിക്ക് പകരം സമചതുരത്തിലുള്ള ചക്രങ്ങളാണ് ഈ സൈക്കിളിനുള്ളത്.
ദി ക്യൂ എന്ന യൂട്യൂബ് ചാനലിൽ നിന്നാണ് വ്യത്യസ്തമായ ഈ വീഡിയോ വന്നിരിക്കുന്നത്. ചതുരത്തിലുള്ള ചക്രങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ സൈക്കിളാണ് വീഡിയോയിലെ താരം. ഈ സൈക്കിൾ നിർമ്മിക്കുന്നതും, ചക്രങ്ങൾ വ്യത്യസ്തമാക്കാൻ പ്രേരിപ്പിച്ച ഘടകവും, എപ്രകാരമാണ് സൈക്കിൾ ഓടിക്കുന്നതെന്നുമെല്ലാം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. വെറും ആറ് ദിവസം കൊണ്ട് മൂന്നര ദശലക്ഷത്തിലധികം ആളുകളാണ് ‘ചതുര ചക്ര സൈക്കിൾ’ വീഡിയോ കണ്ടാസ്വദിച്ചത്.
ചക്രങ്ങൾ സമചതുരമാക്കുന്നത് വളരെ വിശദമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നുള്ളത് വീഡിയോയുടെ മറ്റൊരു പ്രത്യേകതയാണ്. ഇത്തരമൊരു സൈക്കിൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകരിക്കാൻ തക്ക പാകത്തിലാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. വിചിത്രമായ ഒരു സങ്കൽപ്പത്തെ യാഥാർത്ഥ്യമാക്കിയ സൈക്കിൾ നിർമ്മാതാവിനെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ.
Comments