തിരുവനന്തപുരം: കേരളത്തിൽ വന്ദേഭാരത് ട്രെയിൻ വന്നതിനെ പിന്തുണച്ച് ഫേസ്ബുക്കിൽ കവിത പങ്കുവെച്ച സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യനെതിരെ സിപിഎം സൈബർ ആക്രമണം. ‘വന്ദേ ഭാരത് വരട്ടെ ഭാരത്’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ച കവിത വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രൂപേഷിനെതിരെ സൈബർ ആക്രമണമുണ്ടായിരിക്കുന്നത്.
എന്നാൽ ഇപ്പോൾ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രൂപേഷ്. ‘വന്ദേഭാരതിനെ നോക്കി വരട്ടെ ഭാരത് എന്നു പറഞ്ഞതിന് തന്നോട് പിണങ്ങിയ കൂട്ടുകാർക്ക്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു രൂപേഷ് പന്ന്യൻ കുറിപ്പ് പങ്കുവെച്ചത്. ആകാശം മുട്ടേ വളരാനാണെങ്കിൽ താൻ സ്ഥാനമാനങ്ങൾക്കായി കമ്മുണിസ്റ്റായവരുടെ കൂട്ടത്തിലിറങ്ങി നടന്നാൽ മതിയായിരുന്നു, ശരിയെന്ന് തോന്നുന്നത് പറയുമ്പോഴും, തെറ്റെന്ന് പറയുന്നതൊരിക്കലും കേൾക്കാതിരുന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈശ്വര ചിന്ത മനസ്സിൽ തീരെ ഇല്ലാത്തതു കൊണ്ട് നിരീശ്വരവാദിയായ ഞാൻ രാമായണവും മഹാഭാരതവും ഗീതയും ബൈബിളും വായിക്കാതിരുന്നിട്ടല്ലെന്നും ദൈവ വിശ്വാസം തീരെയില്ലാത്ത വീട്ടിൽ പിറന്നത് കൊണ്ട് വിശ്വാസത്തെ ഒരിക്കലും നിന്ദിക്കാറുമില്ലെന്നും രൂപേഷ് പറയുന്നു. ശരിയെന്ന് തോന്നുന്നതിനെ മുറുകെ പിടിക്കുമ്പോഴും തെറ്റെന്ന് ബോധ്യമായാൽ തിരുത്തുന്നതിന് സങ്കോചമില്ലാത്ത ഒരു തലമുറയാണ് നമുക്ക് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയും തെറ്റും തിരിച്ചറിയാൻ ജാതിയേയും നിറത്തേയും ഇസത്തേയും നേതാക്കളെയും നോക്കുന്ന ഒരു തലമുറ നമുക്ക് മുന്നിൽ ഇപ്പോഴുണ്ട്. കണ്ണുരുട്ടി നടക്കുന്ന നേതാക്കൾക്ക് മുന്നിൽ തല താഴ്‌ത്തി നടക്കുന്ന ഒരു തലമുറ ആകരുതെന്നും ശരിക്കുനേരെ മാത്രം തിരിച്ചുപിടിച്ച കണ്ണാടിയിലായിരിക്കണം നമ്മൾ നമ്മളെ കാണേണ്ടതെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments