റായ്പൂർ: തനിമയും സംസ്‌കാരവും ഉപേക്ഷിച്ച് മതം മാറി പോയവരെ പട്ടികവർഗ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പടുകൂറ്റൻ റാലി. ജനജാതി സുരക്ഷാമഞ്ചിന്റെ നേതൃത്വത്തിലാണ് പതിനായിരക്കണക്കിന് ഗോത്രവർഗ്ഗക്കാർ പങ്കെടുത്ത മഹാറാലി സംഘടിപ്പിച്ചത്. സംഘടിത മതങ്ങളിൽ കുടിയേറിയവരെ പട്ടികവർഗ്ഗ പട്ടികയിൽ നിന്ന് ഉടൻ ഒഴിവാക്കണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി വരുത്തണമെന്നും ജനജാതി സുരക്ഷാ മഞ്ച് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിലടക്കം വൻതോതിൽ മതം മാറിയവർ തദ്ദേശീയ ഗോത്രങ്ങളുടെ സംവരണമുൾപ്പെടെ തട്ടിയെടുക്കുകയാണ്. മതപരിവർത്തനം സ്വാതന്ത്ര്യത്തിന് മുമ്പ് മുതൽ പട്ടികവർഗക്കാർക്ക് വലിയ ഭീഷണിയാണ്. വിദേശ മതപ്രഭാഷകർ ചത്തീസ്ഗഢിലെ ജനങ്ങളെ മതം മാറ്റുന്നത് പുതിയകാര്യമല്ല. എന്നാൽ ഏതാനും ദശാബ്ദങ്ങളായി ഇത് വൻതോതിൽ വർധിച്ചു. ഇത്തരത്തിലുള്ള മതപരിവർത്തനം സ്ലോ പോയിസണാണെന്നും അത് ഗോത്രജനതയുടെ അടിസ്ഥാന വിശ്വാസങ്ങളെയും സംസ്‌കാരത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. റാലിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനത്തിൽ 36 ഗോത്രപ്രതിനിധികൾ പങ്കെടുത്തു. റായ്പൂരിലെ രാം മന്ദിറിന് മുന്നിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
സംവരണം വനവാസി ജനതയുടെ സാമൂഹിക-സാമ്പത്തിക നിലവാരം ഉയർത്താൻ വേണ്ടിയാണ്. എന്നാൽ ഒരാൾ സ്വത്വം ഉപേക്ഷിച്ച് മറ്റൊരു മതത്തിലേക്ക് മാറുമ്പോൾ പിന്നെ അയാൾ എങ്ങനെ ആനുകൂല്യങ്ങൾക്ക് അർഹനാകുമെന്ന് ജനജാതി സുരക്ഷാ മഞ്ച് ദേശീയ സംയോജകൻ ഗണേഷ് റാം ഭഗത് ചോദിച്ചു.
വീര വനവാസികളുടെ ധീര സ്മരണകളുടെ അടയാളങ്ങളുമായാണ് ജനങ്ങൾ റാലിയിൽ പങ്കെടുക്കാനെത്തിയത്. ബസ്തറിലെ ഭൂംകാൽ പ്രസ്ഥാനത്തിന് തുടക്കമിട്ട ബൈദാനി ഗുണ്ടാധൂരിന്റെ ജന്മസ്ഥലമായ നെത്നാർ ഗ്രാമം, സോനാഖാന്റെ ധീര പുത്രൻ വീർ നാരായൺ സിങ്ങിന്റെ ജന്മഭൂമി, സാമൂഹിക പരിഷ്‌കർത്താവ് ഗഹിര ഗുരുജിയുടെ കർമ്മസ്ഥലമായ സർഗുസ എന്നിവയിലെ മണ്ണുമായാണ് വനവാസി നേതാക്കൾ റാലിയിൽ പങ്കെടുത്തത്.
















Comments