മലയാളികളുടെ പ്രിയതാരങ്ങളാണ് മഞ്ജു വാര്യറും സൗബിൻ ഷാഹിറും. ഇരുവരും ഒരുമിച്ച് അഭിനയിച്ച വെള്ളരിപ്പട്ടണം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഓൺ സ്‌ക്രീനിൽ മാത്രമല്ല ഓഫ് സ്‌ക്രീനിലും ഇരുവരും നല്ല സൗഹൃദത്തിലാണ്. എന്നാൽ ഇരുവരും ബൈക്കിംഗിലും പാട്ണേഴ്സാണെന്ന കാര്യം അധികമാർക്കും അറിയാത്ത കാര്യമാണ്. ഇപ്പോഴിതാ ബൈക്കിംഗിനിടെയുള്ള ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ.
ജനുവരിയിലാണ് മഞ്ജു വാര്യർ ടൂവീലർ ലൈസൻസ് സ്വന്തമാക്കിയത്. ആ സമയത്തായിരുന്നു തമിഴകത്തിന്റെ തല അജിത്തിനൊപ്പം മഞ്ജു ലാഡാക്കിലേയ്‌ക്ക് ബൈക്ക് ട്രിപ്പ് നടത്തിയതും. ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്റെ ആഗ്രഹത്തെ കുറിച്ചും മഞ്ജു പറഞ്ഞിരുന്നു. പിന്നീടാണ് മഞ്ജു ബൈക്ക് സ്വന്തമാക്കിയത്. ജർമ്മൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ 1250 ജിഎസ് എന്ന ബൈക്ക് ആണ് മഞ്ജു സ്വന്തമാക്കിയത്.
‘മുഖാമുഖം നിൽക്കാത്ത ഭയം എനിക്ക് അതിർത്തികൾ തീർക്കും. നല്ല സുഹൃത്തുക്കളായും ക്ഷമയുള്ള വഴികാട്ടികളായും നിൽക്കുന്നതിന് സൗബിൻ ഷാഹിറിനും ബിനീഷ് ചന്ദ്രയ്‌ക്കും നന്ദി. കൂൾ കക്ഷികളാണ് നിങ്ങൾ’, എന്നായിരുന്നു ചിത്രങ്ങൾക്കൊപ്പം മഞ്ജു കുറിച്ചത്. ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നും ചിത്രത്തിൽ അത് ധരിക്കാൻ താൻ മറന്നതാണെന്നും മഞ്ജു പറയുന്നുണ്ട്.
















Comments