തിരുവനന്തപുരം: വെള്ളനാട് കരടി കിണറ്റിൽ വീണ് ചത്ത സംഭവത്തിൽ വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രിയും പരിസ്ഥിതി പ്രവർത്തകയുമായ മേനക ഗാന്ധി. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്ന് മേനക രൂക്ഷമായി വിമർശിച്ചു. കിണറ്റിൽ വീണ് ചത്തത് അത്യപൂർവം ഇനത്തിൽപ്പെട്ട കരടിയാണ്. കരടിയെ വെടിവെയ്‌ക്കാൻ തീരുമാനമെടുക്കാൻ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം കരടിയെ വെടിവച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണം. മൃഗങ്ങളോടുള്ള ചെരുമാറ്റത്തിന്റെ കാര്യത്തിൽ അന്താരാഷ്‌ട്ര തലത്തിൽ തന്നെ കേരളം രാജ്യത്തെ നാണം കെടുത്തുന്നു. സംസ്ഥാനത്തിന്റെ നയം വന്യജീവികളോടുള്ള ക്രൂരതയാണ്. കേരളത്തിൽ സംഭവിച്ചത് വലിയ നാണക്കേടാണെന്നും മേനക ഗാന്ധി പറഞ്ഞു.
അതേസമയം കരടി ചത്ത സംഭവത്തിൽ രക്ഷാദൗത്യം നടപടിക്രമങ്ങൾ പാലിക്കാതെയാണ് നടത്തിയതെന്ന് റിപ്പോർട്ട് പുറത്തുവന്നു. വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള വന്യമൃഗത്തെ പിടികൂടാനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചു. രക്ഷാ ദൗത്യം നടത്തുമ്പോൾ വൈൽഡ് ലൈഫ് വാർഡന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. മുങ്ങാൻ സാധ്യതയുള്ള ജീവികളെ വെടിവയ്‌ക്കരുതെന്നാണ് മാനദണ്ഡമെന്നും വലയിൽ നിന്ന് കിണറ്റിൽ വീണിട്ടും ആന്റി ഡോട്ട് പ്രയോഗിച്ചില്ലെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പരാമർശിക്കുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ 12.10 നാണ് തിരുവനന്തപുരം വെള്ളനാട്ട് സ്വദേശിയുടെ കിണറ്റിൽ കരടി വീണത്. പുലർച്ചെ വീണ കരടിയെ രക്ഷപ്പെടുത്താൻ രാവിലെയാണ് വനംവകുപ്പ് ശ്രമം തുടങ്ങിയത്. ഏറെ നേരം പരിശ്രമിച്ചെങ്കിലും കരടിയെ രക്ഷിയ്‌ക്കാനായില്ല. തുടർന്ന് കരടിയെ കിണറ്റിൽനിന്ന് പുറത്തെത്തിക്കാനായി മയക്കുവെടി വെച്ചിരുന്നു. മയക്കുവെടി ഏറ്റതിന് പിന്നാലെ കിണറ്റിലെ വെള്ളത്തിലേയ്‌ക്ക് കരടി മുങ്ങിത്താഴുകയായിരുന്നു. അതുവരെ കിണറിന്റെ വശങ്ങളിൽ പിടിച്ചുനിൽക്കുകയായിരുന്നു കരടി. തുടർന്ന് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏറെ സമയത്തിനുശേഷം അഗ്നിശമനസേന വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















Comments