ന്യൂഡൽഹി : രാജ്യത്തിലുടനീളം 100 ജില്ലകളിലായി 100 തെരുവോര ഭക്ഷണശാലകൾ വികസിപ്പിക്കാൻ കേന്ദ്രം പദ്ധതിയിടുന്നു. ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണരീതികൾ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് സർക്കാർ പദ്ധതി ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകി
സുരക്ഷിതവും ആരോഗ്യകരമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെരുവോര ഭക്ഷണശാലകൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒരു കോടി രൂപ വീതം ധനസഹായം ലഭ്യമാക്കും. രാജ്യവ്യാപകമായി 100 തെരുവോര ഭക്ഷണശാലകൾ ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. തെരുവോര കച്ചവടക്കാർക്കുള്ള ഭക്ഷ്യസുരക്ഷ, ശുചിത്വ പരിപാലനം, മാലിന്യ നിർമാർജ്ജനം എന്നിവയെക്കുറിച്ചുള്ള പരീശീലന പരിപാടികളും നടത്താൻ അധികൃതർക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് തെരുവോര ഭക്ഷണശാലകളുടെ സ്റ്റാൻഡേർഡ് ബ്രാൻഡിംഗ് നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.
















Comments