ലണ്ടൻ യുകെ ഉപപ്രധാനമന്ത്രി ഡൊമനിക് റാബ് രാജിവച്ചു. ജീവനക്കാരോട് മോശമായി പെരുമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രാജി. ഡൊമനിക് റാബ് കുറ്റക്കാരനാണെന്ന് സ്വതന്ത്ര അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതോടെ ഔദ്യോഗിക ചുമതലയിൽ നിന്നും രാജി വയ്‌ക്കുകയാണെന്ന് അറിയിച്ച റാബ്, സർക്കാരിന് വേണ്ട എല്ലാവിധ പിന്തുണയും തുടർന്നുണ്ടാകുമെന്ന് പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
ഡൊമനിക് റാബിനെതിരെ ഏറെക്കാലമായി ജീവനക്കാരിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. എന്നാൽ താൻ പ്രൊഫഷണലായാണ് ഏതൊരാളോടും പെരുമാറിയിട്ടുള്ളത് എന്ന വാദത്തിലായിരുന്നു ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സ്ഥാനമൊഴിയുമെന്നും നിലപാട് അറിയിച്ചിരുന്നു. ഉപപ്രധാനമന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെയാണ് പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് എംപ്ലോയ്‌മെന്റ് ബാരിസ്റ്ററായിരുന്ന ആദം ടോളിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണ റിപ്പോർട്ട് റാബിനെതിരായതോടെ രാജിയിൽ പര്യവസാനിച്ചു.
ഉപപ്രധാനമന്ത്രി സ്ഥാനത്തിനൊപ്പം ജസ്റ്റിസ് സെക്രട്ടറി ചുമതലയും ഡൊമനിക് റാബ് രാജിവച്ചു. നാലര വർഷത്തെ തൊഴിൽ ജീവിതത്തിനിടയിൽ ആരെയും ഇതുവരെ ചീത്തപറയുകയോ ഇകഴ്‌ത്തി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അദ്ദേഹം.
Comments