1984-ൽ ‘ഉണരൂ’ എന്ന സിനിമയുടെ ചിത്രീകരണം നോക്കി നിൽക്കുമ്പോൾ താൻ ഒരിക്കലും ഒരു മണിരത്നം ചിത്രത്തിൽ അഭിനയിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് തുറന്നുപറഞ്ഞ് മലയാളത്തിന്റെ ജനപ്രിയ നടൻ ജയറാം. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി 1984- ൽ മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ‘ഉണരൂ’.
മണിരത്‌നം ഒരുക്കുന്ന ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജയറാം. ചിത്രത്തിലെ മറ്റു അഭിനേതാക്കളായ തൃഷ, കാർത്തി, വിക്രം, ഐശ്വര്യ ലക്ഷ്മി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
‘ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമാണത്. കൊച്ചിൻ റിഫൈനറിയുടെ സമീപത്തുകൂടെ വെറുതെ നടക്കുകയായിരുന്നു. അപ്പോൾ അതിന് തൊട്ടടുത്തുള്ള എച്ച്.ഒ.സി എന്ന കമ്പനിയിൽ ഒരു ആൾക്കൂട്ടം. എന്താണ് അവിടെ എന്ന് ചോദിച്ചപ്പോൾ സിനിമ ഷൂട്ടിങ് ആണെന്ന് ആരോ പറഞ്ഞു. ആരാണ് സംവിധായകൻ എന്ന് തിരക്കിയപ്പോൾ, പുതിയ ഒരാളാണ് മണിരത്നം എന്നാണ് പേരെന്നും അറിയാനായി. അന്ന് അവിടെ ആൾക്കൂട്ടത്തിൽ നിൽക്കുമ്പോൾ ഒരിക്കലും വിചാരിച്ചില്ല, സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല പിന്നീട് ഞാൻ ഒരു മണിരത്നം ചിത്രത്തിൽ അഭിനയിക്കുമെന്ന്.’- ജയറാം പറഞ്ഞു.
മണിരത്നത്തിന്റെ കരിയറിലെ രണ്ടാമത്തെ സിനിമ കൂടിയായിരുന്നു ‘ഉണരൂ’. മലയാളത്തിലൊരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ടി ദാമോദരനായിരുന്നു. മോഹൻലാലിനെ കൂടാതെ സുകുമാരൻ, രതീഷ്, സബിത ആനന്ദ്, ബാലൻ കെ നായർ എന്നിവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കൾ
Comments