ശ്രീനഗർ: പൂഞ്ച് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദാരഞ്ജലി അർപ്പിച്ച് സൈന്യം. ധീരഹൃദയരുടെ പരമമായ ത്യാഗത്തിനും കർത്തവ്യത്തോടുള്ള സമർപ്പണത്തിനും രാജ്യം എപ്പോഴും കടപ്പെട്ടിരിക്കുമെന്ന് സൈന്യം വ്യക്തമാക്കി. രജൗരിയിലെ മിൽട്ടറി ക്യാമ്പിലായിരുന്നു ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ജനറൽ കമാൻഡിംഗ് ഓഫീസർ, ജമ്മുകശ്മീർ പോലീസ് എഡിജിപി തുടങ്ങി നിരവധി ഉന്നതരാണ് ധീരജവാന്മാർക്ക് പുഷ്പചക്രം അർപ്പിക്കാനെത്തിയത്.
ചടങ്ങിന് ശേഷം ഒഡീഷയിലെ അൽഗം സാമി ഗ്രാമത്തിൽ നിന്നുള്ള ലാൻസ് നായിക് ദേബാഷിഷിന്റെ ഭൗതികാവശിഷ്ടങ്ങൾ വിമാനമാർഗം ജന്മനാട്ടിലേക്ക് എത്തിച്ചതായി അധികൃതർ അറിയിച്ചു. ലുധിയാനയിലെ ചങ്കോയൻ ഗ്രാമത്തിൽ നിന്നുള്ള ഹവിൽദാർ മൻദീപ് സിംഗ്, മോഗയിലെ ചാരിക് ഗ്രാമത്തിൽ നിന്നുള്ള ലാൻസ് നായിക് കുൽവന്ത് സിംഗ്, ഗുരുദാസ്പൂരിലെ തൽവണ്ടി ഗ്രാമത്തിൽ നിന്നുള്ള ശിപായി ഹർകൃഷൻ സിംഗ്, പഞ്ചാബിലെ ബാഗ ഗ്രാമമായ ബതിന്ദയിൽ നിന്നുള്ള ശിപായി സേവക് സിംഗ് എന്നിവരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് അയക്കുമെന്നും സൈന്യം അറിയിച്ചു.
നിയന്ത്രണ രേഖയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ ഭീംബർ ഗലിയിലാണ് അപകടമുണ്ടായത്. പൂഞ്ചിലെ സിംഗ് ഗിയോട്ടിയിലേക്ക് പോകുകയായിരുന്ന സൈനിക വാഹനത്തിന് നേർക്കാണ് ആക്രമണമുണ്ടായത്. ഹവീൽദാർ മൻദീപ് സിംഗ്, നായിക് ദേബാശിഷ് ബസ്വാൾ, നായിക് കുൽ വന്ത് സിംഗ്, ഹർകൃഷൻ സിംഗ്, സേവക് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരവിരുദ്ധ ഓപ്പറേഷൻ വിഭാഗത്തിലെ സൈനികരാണ് വീരമൃത്യു വരിച്ചവർ.
Comments