എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം 2023 പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. പരിപാടിയിൽ ഒരു ലക്ഷത്തിലേറെ യുവാക്കൾ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോടകം ഒന്നര ലക്ഷത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദേശ രാജ്യത്ത് നിന്ന് വരെ യുവാക്കൾഎത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതീക്ഷിച്ചതിലും വലിയ ആവേശമാണ് പരിപാടി നൽകുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന യുവജന കൂട്ടായ്മയാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന പദ്ധതികൾക്ക് തുടക്കം കുറിയ്‌ക്കുക തന്നെ ചെയ്യും. കോൺഗ്രസും സിപിഎമ്മും നടത്തുന്ന കള്ളപ്രചരണം പരിപാടിയുടെ വിജയമാണ് കാണിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
യുവം 2023-ന്റെ ഭാഗമായി ആലപ്പുഴയിൽ റൺ 4 യുവം മിനി മരത്തോൺ സംഘടിപ്പിച്ചു. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിംഗ് കേരള ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാരത്തോൺ. കേന്ദ്ര സർക്കാരിന്റ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് വിസിയുടെ നിർമ്മാതാക്കളായ ടെക്ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളജീസ് സിഇഒ ജോയി സെബാസ്റ്റ്യൻ പതാക കൈമാറി മാരത്തോൺ ഉദ്ഘാടനം ചെയ്തു.
















Comments