ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മതം മാറ്റത്തിന് നിർബന്ധിച്ചതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവും കുടുംബവും അറസ്റ്റിൽ. ഇൻഡോറിലെ ഖുഡേൽ സ്വദേശിയായ അസ്മത് പട്ടേൽ, പിതാവ് ഷാബിൽ അലി, സഹോദരൻ ഹൈദർ അലി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ അസ്മത്തിന്റെ മുഴുവൻ വീട്ടുകാർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ അസ്മത്തിന്റെ മാതാവ് ഷാജഹാന് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. ഇവർ ഏറെ നാളായി ഒളിവിലാണ്.
കോളേജിൽ വച്ചാണ് 18-കാരിയായ ഹിന്ദു പെൺകുട്ടിയുമായി അസ്മത് അടുപ്പത്തിലാവുന്നത്. ഇരുവരും ഇഷ്ടത്തിലായതോടെ വിവാഹം കഴിക്കാൻ അസ്മത് നിർബന്ധിച്ചു. ഇതിനായി ഇസ്ലാമിലേക്ക് മതംമാറണമെന്നും അനുസരിച്ചില്ലെങ്കിൽ വീട്ടിൽ വന്ന് തട്ടിക്കൊണ്ടുപോകുമെന്നുമായിരുന്നു ഭീഷണി. ശേഷം പെൺകുട്ടിയുടെ പിതാവിനെയും യുവാവ് ഇതേകാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി. അസ്മത്ത് സ്ഥിരമായി ശല്യം ചെയ്യാൻ തുടങ്ങിയപ്പോൾ മനംനൊന്ത പെൺകുട്ടി ഒടുവിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെ കാമുകന്റെ കുടുംബത്തിലേക്ക് പോലീസ് അന്വേഷണം നീണ്ടു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Comments