തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് എക്സ്പ്രസ് 26 മുതൽ സർവ്വീസ് ആരംഭിക്കും. ഇതോടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽ വേ. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ്, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് എന്നിവയുടെ സമയമാണ് ഏപ്രിൽ 28 മുതൽ മാറുന്നത്.
വേണാടിന്റെ തിരുവനന്തപുരം മുതൽ കായംകുളം വരെയുള്ള സമയത്തിലാണ് മാറ്റം വരുത്തിയത്. നിലവിൽ വേണാട് എക്സ്പ്രസ് പുലർച്ചെ 5.15-നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. എന്നാൽ 28 മുതൽ പത്ത് മിനിട്ട് വൈകി 5.25 മണിക്കായിരിക്കും വേണാട് എക്പ്രസ് പുറപ്പെടുക.
പുതുക്കിയ സമയക്രമം അനുസരിച്ച് വേണാട് എക്സ്പ്രസ് ചിറയിൻകീഴിൽ രാവിലെ 5.50നും കടയ്ക്കാവൂരിൽ 5.54നും വർക്കലയിൽ 6.07നും കൊല്ലത്ത് 6.34നും ആയിരിക്കും എത്തുക. കരുനാഗപ്പള്ളിയിൽ 7.05നും കായംകുളത്ത് 7.18നും ട്രെയിൻ എത്തും. എന്നാൽ കായംകുളം മുതൽ ഷൊർണൂർ വരെ നിലവിലുള്ള സമയക്രമം പാലിക്കും.
തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസിന്റെ കൊല്ലം മുതൽ എറണാകുളം നോർത്ത് വരെയുള്ള സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഏപ്രിൽ 27 മുതൽ പാലരുവി എക്സ്പ്രസ് 10 മിനിട്ട് നേരത്തെ പുറപ്പെടും. പുലർച്ചെ 4.50ന് ആയിരിക്കും ഇനി പാലരുവി പുറപ്പെടുന്നത്. എറണാകുളം നോർത്തിൽ 8.45ന് പകരം അഞ്ച് മിനിട്ട് നേരത്തെ 8.40ന് എത്തിച്ചേരുകയും 8.45ന് യാത്ര തിരിക്കുകയും ചെയ്യും. എറണാകുളം നോർത്തിന് ശേഷമുള്ള സ്റ്റേഷനുകളിലെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്നും റെയിൽവേ അറിയിച്ചു.
വന്ദേഭാരത് എക്സ്പ്രസ് പുലർച്ചെ 5.20- നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുക.
Comments