തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിക്കാനിരിക്കുന്ന ഡിവൈഎഫ്‌ഐയെ വെല്ലുവിളിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഡിവൈഎഫ്‌ഐയുടെ 100 ചോദ്യങ്ങൾക്കും നിങ്ങളുടെ വേദിയിൽ എത്തി ഉത്തരം നൽകാൻ താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അതിനുള്ള സ്ഥലവും സമയവും നിങ്ങൾക്ക് നിശ്ചയിക്കാമെന്നും സന്ദീപ് വാചസ്പതി വെല്ലുവിളിച്ചു.

‘യങ് ഇന്ത്യ ആസ്‌ക് ദി പിഎം’ എന്ന പേരിൽ ഇന്നും നാളെയുമായാണ് ഡിവൈഎഫ്‌ഐ പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം കോൺക്ലേവിന് ബദലായാണ് ഡിവൈഎഫ്‌ഐ ഈ പരിപാടി നടത്തുന്നത്. എല്ലാ ജില്ലകളിലും നടക്കുന്ന പരിപാടിയിൽ സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. യുവം കോൺക്ലേവ് ശ്രദ്ധ നേടുന്നു എന്ന വിലയിരുത്തിലിന്റെ ഭാഗമായിട്ടാണ് സിപിഎം ഡിവൈഎഫ്‌ഐയെക്കൊണ്ട് ‘യങ് ഇന്ത്യ ആസ്‌ക് ദി പിഎം’ എന്ന പരിപാടി നടത്തിക്കുന്നത്.
ഈ മാസം 24, 25 തീയതികളിലാണ് പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്നത്. 25-ന് കേരളത്തിലെ ആദ്യ വന്ദേഭാരത് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മറ്റ് ചില റെയിൽവേ പദ്ധതികളും കേന്ദ്ര പദ്ധതികളും ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
തമ്പാനൂർ, വർക്കല റെയിൽവെ സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടൽ, നേമം-കൊച്ചുവേളി-തിരുവന്തപുരം സമഗ്ര വികസന പദ്ധതി, കോഴിക്കോട് റെയിൽവെ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കാണ് പ്രധാനമന്ത്രി അന്നേദിവസം തുടക്കം കുറിയ്‌ക്കുന്നത്. ഒപ്പം,പാലക്കാട് പൊള്ളാച്ചി പാത വൈദ്യുതീകരണം രാജ്യത്തിന് സമർപ്പിക്കുകയും ചെയ്യും.
















Comments