വാഷിംഗ്ടൺ: രണ്ടാം ലോകമഹായുദ്ധത്തിൽ ആയിരത്തിലധികം ആളുകളുമായി മുങ്ങിയ ജാപ്പനീസ് കപ്പൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഫിലിപ്പീൻസിന് സമീപം ദക്ഷിണ ചൈനക്കടലിൽ നിന്നാണ് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയത്. ഓസ്‌ട്രേലിയയുടെ സംയുക്തസംഘത്തിന്റെ ശ്രമമായിരുന്നു ഈ ദൗത്യത്തിന് പുറകിൽ.
ഓസ്‌ട്രേലിയയിലെ പ്രതിരോധവകുപ്പ്, സൈന്റ് വുഡ് ഫൗണ്ടേഷനിലെ പുരാവസ്തു ഗവേഷകരും ഡച്ച് കമ്പനി ഫുഗ്രോവിലെ ആഴക്കടൽ മുങ്ങൽ കടൽ വിദഗ്ധരും ചേർന്ന സംഘമാണ് കപ്പൽ കണ്ടെത്തിയത്. രണ്ടാഴ്‌ച്ചത്തെ പര്യവേക്ഷണത്തിനൊടുവിലാണ് യാത്രാക്കപ്പലായ മൊണ്ടെവിദെയോ മാറു കണ്ടെത്തിയത്. ആയിരത്തിലധികം യാത്രക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗം പേരും ഓസ്‌ട്രേലിയക്കാരായിരുന്നു.
1942-ൽ അമേരിക്കൻ അന്തർവാഹിനി സ്റ്റർജിയോണിനിൽ നിന്നുള്ള ടോർപിഡോ ആക്രമണമാണ് കപ്പൽ മുങ്ങാനിടയാക്കിയത്. കപ്പലിലുണ്ടായിരുന്നവരുടെ വ്യക്തിപരമായ വിവരങ്ങൾ അജ്ഞാതമാണ്. പാപുവ ന്യു ഗിനിയയിൽ നിന്ന് ജപ്പാൻ തടവിലാക്കിയവരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ജപ്പാന്റെ യുദ്ധ തടവുകാരായതിനാൽ കപ്പലിനെതിരെ നടത്തിയ ആക്രമണം വൻ നേട്ടമായാണ് അമേരിക്ക കണക്കാക്കിയത്.
കപ്പൽ കണ്ടെത്തിയതിൽ പ്രതികരിച്ച് ഓസ്‌ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലിസ് ട്വിറ്ററിലൂടെ പ്രതികരിച്ചു. 80 വർഷത്തോളമായി
ഓസ്‌ട്രേലിയയിലെ നൂറുക്കണക്കിന് കുടുംബങ്ങൾ കപ്പൽ കണ്ടെത്തിയ വാർത്തയ്‌ക്കായി കാത്തിരിക്കുന്നു. ഒടുവിൽ കപ്പൽ അന്ത്യവിശ്രമം കൊള്ളുന്നയിടം കണ്ടെത്തി. ഓസ്‌ട്രേലിയയിലെ 850-ഓളം അംഗങ്ങൾ കപ്പലിൽ ഉണ്ടായിരുന്നുവെന്നും അവരെ ഒരിക്കിലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments