സംസ്ഥാനത്ത് 64,006 കുടുംബങ്ങൾ അതിദാരിദ്രത്തിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിദാരിദ്ര്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കാൻ സർക്കാർ പദ്ധതിയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി അതിദാരിദ്ര്യമുക്ത കേരളം എന്ന് പദ്ധതി ആരംഭിച്ചെന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചത്.
അതിദരിദ്രരായ കുടുംബങ്ങളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. വരുന്ന അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് നിന്ന് അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതിദരിദ്രരെ കണ്ടെത്തി അവരുടെ മോചനം ഉറപ്പാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് ശാസ്ത്രീയമായ പരിശോധന നടത്തിയിരുന്നു. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളുടെ അഭാവം അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിർണയിച്ചിട്ടുള്ളത്. പരിശോധനയിൽ 64,006 കുടുംബങ്ങളാണ് സംസ്ഥാനത്ത് അതിദാരിദ്രരായുള്ളത്.
കുറ്റമറ്റ രീതിയിലുടെ തയ്യാറാക്കിയ പട്ടികയാണിത്. വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രർക്ക് പെട്ടന്ന് വാസസ്ഥലത്തിനുള്ള സൗകര്യം ഉറപ്പാക്കും. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക, പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുക, ആഹാരം ഉറപ്പാക്കുക, അശരണരുടെ പുനരധിവാസം, എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. അതിജീവനത്തിനായി കഷ്ടപ്പെടുന്നവർക്ക് കരുതലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Comments