ന്യൂഡൽഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങളായ സി-130ജെ രണ്ടെണ്ണവും സുഡാൻ പോർട്ടിൽ ഐഎൻഎസ് സുമേധയും രക്ഷാദൗത്യത്തിനായി എത്തിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സുഡാനിലെ സുരക്ഷാ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. തലസ്ഥാന നഗരമായ ഖാർത്തൂമിൽ ഇപ്പോഴും പോരാട്ടം രൂക്ഷമായി തുടരുകയാണെന്നാണ് വിവരം.
നിലവിൽ സുഡാനിലെ വ്യോമാതിർത്തിയിലേക്ക് വിദേശരാജ്യങ്ങളുടെ വിമാനങ്ങൾക്ക് പ്രവേശനമില്ല. അതേസമയം റോഡുമാർഗം മുഖേനയുള്ള രക്ഷാദൗത്യവും വെല്ലുവിളി നിറഞ്ഞതാണ്. സുരക്ഷിതമായ സഞ്ചാരപാത പ്രാപ്തമാകുമ്പോൾ മാത്രമേ ആളുകളെ ഒഴിപ്പിക്കുന്നത് സാധ്യമാകൂവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇന്ത്യക്കാർ ആരും തന്നെ സാഹസികമായി നീങ്ങാൻ ശ്രമിക്കരുതെന്നും വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി എംബസി അധികൃതർ നിരന്തരമായി സമ്പർക്കത്തിലേർപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
















Comments