ഇതിഹാസ ചിത്രം പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. പൊന്നിയൻ സെൽവന്റെ പുറത്തുവരുന്ന ഓരോ വിശേഷങ്ങൾക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് മുതൽ കഥയുടെ പൂർണരൂപം അറിയാൻ പ്രേക്ഷകർ ആകാംഷാഭരിതരാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടാണ് ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുവെന്ന വിവരം പുറത്ത് വന്നത്. ജനശ്രദ്ധ നേടിയ പൊന്നിയൻ സെൽവന്റെ രണ്ടാം ഭാഗം ഏപ്രിൽ 28-ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.
അടുത്തിടെ പൊന്നിയിൻ സെൽവനിലെ ഗാനം പുറത്ത് വന്നിരുന്നു. അതിന് വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളായ ‘ആദിത്യ കരികാലന്റെ’യും ‘നന്ദിനി’യുടെയും കുട്ടിക്കാലം ദൃശ്യവത്കരിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നത്. ഇളങ്കോ കൃഷ്ണന്റെ വരികൾക്ക് ഹരിചരണാണ് സംഗീതം നൽകിയത്. നേരത്തെ പുറത്ത് വിട്ട ശക്തിശ്രീ ഗോപാലൻ ആലപിച്ച ‘വീര രാജ വീര’ എന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു. സത്യപ്രകാശ്, ഡോ. നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെൻബഗരാജ്, ടി എസ് അയ്യപ്പൻ എന്നിവർ ആലപിച്ച ‘ശിവോഹം’ എന്ന ഗാനവും വലിയ ശ്രദ്ധയാകർഷിച്ചിരുന്നു.
ജയം രവി, ജയറാം, കാർത്തി, റഹ്‌മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ത്രിഷ, ഐശ്വര്യാ റായ്, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ അഭിനേതാക്കളുടെ നീണ്ടനിരയാണ് ചിത്രത്തിലുള്ളത്. തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും.
















Comments