കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി യുവാക്കൾക്കായി ബിജെപി സംഘടിപ്പിക്കുന്ന യുവം കോൺക്ലേവിൽ പങ്കെടുക്കും. തേവര എസ്.എച്ച് കോളജിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നര ലക്ഷത്തോളം യുവാക്കളാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും ഉണ്ടായിരിക്കും. കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയ്‌ക്ക് വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകരും ജനങ്ങളും ഒരുക്കുന്നത്.
യുവം കോൺക്ലേവിൽ പങ്കെടുത്ത ശേഷം കർദീനാൾ മാർ ആലഞ്ചേരിയടക്കമുള്ള എട്ട് സഭാ അദ്ധ്യക്ഷൻമാരുമായി വൈകീട്ട് കൊച്ചിയിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. രാത്രി 7 മണിക്കാണ് ക്രൈസ്തവ സഭാമേലദ്ധ്യക്ഷൻമാരെ പ്രധാനമന്ത്രി കാണുക. കൊച്ചി താജ് വിവാന്ത ഹോട്ടലിലാണ് കൂടിക്കാഴ്ച. വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി ഏപ്രിൽ 25-ന്(നാളെ) നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിൽ ഓടുന്ന കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. കൂടാതെ, തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിനും അദ്ദേഹം തറക്കല്ലിടും. ഒരു ഡിജിറ്റൽ സയൻസ് പാർക്കിനും തുടക്കം കുറിക്കും. കൊച്ചി വാട്ടർ മെട്രോയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നരേന്ദ്രമോദിയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് കേരള ജനത ഉറ്റു നോക്കുന്നത്.
















Comments