പ്രശ്‌സ്ത തെലുങ്ക്-തമിഴ് നടൻ ശരത് ബാബു ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. വൃക്ക ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളിൽ അണുബാധയുണ്ടായതിനെ തുടർന്ന് അവയവങ്ങൾ തകരാറിലായതാണ് ഗുരുതരാവസ്ഥയിലാവാൻ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 71-കാരനായ താരം മൂന്ന് ദിവസമായി ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.
ഈ മാസം ഇരുപതിനാണ് അദ്ദേഹത്തെ ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുവരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചക്കിടയിൽ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുമ്പ് ചെന്നൈയിലായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്.
മലയാളത്തിലടക്കം 230 ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടിരിക്കുന്നത്. സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാർത്ഥ പേര്. നന്തി പുരസ്‌കാര ജേതാവാണ് അദ്ദേഹം. 1973-ലാണ് രാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലൂടെ അദ്ദേഹം സിനിമ ജീവിതം ആരംഭിക്കുന്നത്. 1977-ൽ കെ ബാലചന്ദറിന്റെ സംവിധാനത്തിൽ അരങ്ങേറിയ പട്ടിണ പ്രവേശം എന്ന ചിത്രത്തിലൂടെ അദ്ദേഹം തമിഴിൽ അരങ്ങേറി. 2021-ൽ പുറത്തിറങ്ങിയ വക്കീൽ സാബാണ് അദ്ദേഹം ഏറ്റവും ഒടുവിൽ അഭിനയിച്ച തെലുങ്ക് ചിത്രം. ശരത് ബാബുവിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ആരാധകരും സിനിമ ലോകവും.
















Comments