കൊച്ചി: കേരളക്കരയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി യുവം -2023 വേദിയിലെത്തി. പ്രധാനമന്ത്രിയെ ഒരുനോക്ക് കാണാനും സംവദിക്കാനുമെത്തിയ ആയിരക്കണക്കിന് യുവാക്കളെ അദ്ദേഹം മലയാളത്തിലാണ് അഭിസംബോധന ചെയ്ത് തുടങ്ങിയത്. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച പ്രധാനമന്ത്രി ശ്രീശങ്കരാചാര്യരെയും ശ്രീ നാരായണഗുരുവിനെയും തുടങ്ങി കേരളത്തിൽ നിന്നുള്ള മഹത് വ്യക്തികളെ ഓർമ്മിപ്പിച്ചു. ഇവർ രാജ്യത്തെ യുവാക്കൾക്ക് മുഴുവൻ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ മുഴുവൻ മാറ്റിമറിക്കാൻ ശേഷിയുള്ള രാജ്യമായി ഭാരതം ഇന്ന് മാറിയിരിക്കുകയാണ്. യുവാക്കളിലാണ് രാജ്യത്തിന് പ്രതീക്ഷയെന്നും ഇന്ത്യയുടേത് ഏറ്റവും വേഗത്തിൽ കുതിക്കുന്ന സമ്പദ്ഘടനയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
യുവശക്തിയുടെ നാടാണ് ഇന്ത്യ. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്. കേരളത്തിലെത്തുമ്പോൾ തനിക്ക് കൂടുതൽ ഊർജ്ജം ലഭിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ബിജെപിക്കും യുവാക്കൾക്കും ഒരേ കാഴ്ചപ്പാടാണുള്ളതെന്ന് പ്രഖ്യാപിച്ചു. കേരളത്തിലെ സർക്കാർ യുവാക്കൾക്ക് ജോലി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. ബിജെപി സൃഷ്ടിക്കുന്ന മാറ്റം യുവാക്കൾക്ക് ഗുണകരമാകുന്നതാണ്. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ വികസനമുണ്ടായാൽ സംസ്ഥാനത്തെ തൊഴിലവസരം വർധിക്കും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് ഗുണകരമായ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്നും കേന്ദ്ര നയങ്ങളുടെ ഭാഗമായി രാജ്യത്തെ തൊഴിലവസരങ്ങൾ വർധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മത്സ്യബന്ധന മേഖലയ്‌ക്ക് ഊന്നൽ നൽകിയ സർക്കാരാണ് കേന്ദ്രത്തിലുള്ളത്. 800 കോടി രൂപയുടെ സഹായം മത്സ്യബന്ധന മേഖലയ്‌ക്ക് നൽകിയിട്ടുണ്ട്. ഫിഷറീസ് മന്ത്രാലയം പ്രത്യേകമായി രൂപീകരിച്ചത് ഞങ്ങളുടെ സർക്കാരാണ്. രാജ്യത്തെ യുവാക്കളുടെ ആവശ്യത്തിന് മുൻഗണന നൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. സേനാനിയമനങ്ങൾക്കായുള്ള പരീക്ഷകൾ മലയാളത്തിലും നടത്തും. മലയാളമടക്കം 13 ഭാഷകളിൽ കൂടിയാണ് ഇനിമുതൽ പരീക്ഷ നടത്തുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വിഭവങ്ങളുടെയും സംസ്‌കാരത്തിന്റെയും അത്ഭുതകരമായ സമ്പത്ത് കേരളത്തിനുണ്ട്. പരമ്പരാഗത വൈദ്യം കേരളത്തിന്റെ വലിയ സമ്പത്താണ്. രാജ്യം വേഗത്തിൽ വളരുമ്പോൾ അതിൽ കേരളത്തിന് നിർണായകമായ പങ്കുണ്ട്. എന്നാൽ കേരളത്തിലെ രണ്ട് മുന്നണികളുടെ തമ്മിലടിയിൽ സംസ്ഥാനത്ത് അഴിമതി വളരുന്നു. ഈ അഴിമതി കേരളത്തിലെ യുവതയുടെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുന്നു. ഒരുപാർട്ടി സ്വന്തം പാർട്ടിയുടെ മാത്രം താത്പര്യം സംരക്ഷിക്കുന്നു. മറ്റൊരു പാർട്ടി ഒരു കുടുംബത്തിന്റെ മാത്രം താത്പര്യം സംരക്ഷിക്കുന്നുവെന്നതാണ് ഇവിടുത്തെ സ്ഥിതി. കയറ്റുമതി കൂട്ടാൻ കേന്ദ്രസർക്കാർ പ്രയത്‌നിക്കുമ്പോൾ ഇവിടെ ചിലർ രാവും പകലും സ്വർണക്കടത്തിനായി വിയർപ്പൊഴുക്കുന്നുവെന്നും ഇതൊന്നും യുവാക്കളിൽ നിന്നും മറച്ചുവെയ്‌ക്കാനാവില്ലെന്നും സർക്കാരിനെ പ്രധാനമന്ത്രി വിമർശിച്ചു. കേരളത്തിലെ സർക്കാർ യുവാക്കളുടെ ഭാവി വച്ചാണ് പന്താടുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
കേരളത്തിലെ ചെറുപ്പക്കാരെ മനസിലാക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളത്. കേരളത്തിൽ സൗജന്യ ചികിത്സ കിട്ടുന്നത് കേന്ദ്ര പദ്ധതികളുടെ ഫലമായാണ്. കൊറോണ കാലത്തെ വിഷമതകളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും കേരളത്തെ സംരക്ഷിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞു. കേന്ദ്രപദ്ധതികൾ കേരളത്തിലുള്ളവരുടെ ജീവിതം സുഗമമാക്കി തീർത്തു. കേരളത്തിലെ യുവാക്കൾ ഇനി ഡിജിറ്റൽ ഇന്ത്യയുടെ നേതൃത്വത്തിലേക്ക് വരണം. ഈ നാടിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ നമുക്ക് പരിശ്രമിക്കാമെന്നും പ്രധാനമന്ത്രി യുവാക്കളോട് പറഞ്ഞു. സുഡാനിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഓപ്പറേഷൻ കാവേരി നടത്തി വരുന്നു. ഇതിന് മേൽനോട്ടം വഹിക്കാൻ മന്ത്രി വി മുരളീധനെ ചുമതലപ്പെടുത്തുകയാണ്. ഭാഷയുടെയും നാടിന്റെയും മതത്തിന്റെയും പേരിൽ നമ്മെ വിഭജിക്കാൻ ഇവിടെ ശ്രമമുണ്ടാകും. അത് അതിജീവിക്കാൻ നമുക്ക് കഴിയണം. അതിന് യുവം വേദി ഒരു വെളിച്ചമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
















Comments