ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് ല്കനൗ പോലീസ് അമീൻ എന്നയാളെ അറസ്റ്റ് ചെയ്തു.
യുപിയിലെ 112 എന്ന എമർജൻസി നമ്പറിലേക്ക് കോൾ മുഖേനയും വാട്‌സ്ആപ്പിലേക്ക് സന്ദേശമയച്ചുമായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതി അമീൻ വധ ഭീഷണി ഉയർത്തിയത്. സംഭവത്തിൽ ഉടൻ തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അജ്ഞാതനെതിരെ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
കോൾ ട്രേസ് ചെയ്ത് ഫോൺ ചെയ്ത നമ്പറിന്റെ ഉടമയെ പോലീസ് കണ്ടെത്തി. രണ്ട് ദിവസം മുമ്പ് തന്റെ ഫോൺ ആരോ മോഷ്ടിച്ചുവെന്നായിരുന്നു ഉടമയായ സജ്ജാദ് ഹുസൈനിന്റെ മറുപടി. തുടർന്നുള്ള അന്വേഷണം ചെന്നെത്തിയത് സജ്ജാദിന്റെ മകളുടെ കാമുകനായ അമീനിലേക്കായിരുന്നു.
18-കാരനായ അമീൻ തന്റെ കാമുകിയുടെ പിതാവായ സജ്ജാദ് ഹുസൈനിനോടുള്ള ദേഷ്യം തീർക്കാനായിരുന്നു അദ്ദേഹത്തിന്റെ ഫോൺ മോഷ്ടിച്ച് ആ നമ്പറിൽ നിന്നും യുപി മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. മകളുമായുള്ള അമീനിന്റെ ബന്ധത്തിൽ സജ്ജാദ് ഹുസൈനിന് എതിർപ്പുണ്ടായിരുന്നതിലെ വിരോധമായിരുന്നു അതിന് കാരണം. പ്രതിയെ ബുധനാഴ്ച ലക്‌നൗ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Comments