എറണാകുളം: കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടന യാത്ര ഏറെ ആഘോഷഭരിതമായിരുന്നു. സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്‌മെന്റിലെ
ദിവ്യാംഗരായ കുട്ടികളുടെ ആഘോഷത്തോടെയാണ് കൊച്ചി വാട്ടർ മെട്രോ ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് കന്നിയാത്ര ആരംഭിച്ചത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെയായിരുന്നു സർവീസ് തുടങ്ങിയത്.
സെന്റർ ചെയർമാൻ ഡോ. പിഎ മേരി അനിതയുടെ നേതൃത്വത്തിൽ ആർപ്പുവിളിച്ചും കുരവയിട്ടും ‘കുട്ടനാടൻ പുഞ്ചയിലെ ..’ പാടിയും കുട്ടികൾ യാത്രയെ മനോഹരമാക്കി.ലോകത്തിലെ തന്നെ വിപുലമായ സംയോജിത ജലഗതാഗത പദ്ധതികളിൽ ഒന്നാണ് കൊച്ചി വാട്ടർ മെട്രോ. എട്ട് ഡബിൾ ഹൾ എസി വൈദ്യുത ബോട്ടുകളും നാല് ജെട്ടികളുമാണ് ആദ്യഘട്ടത്തിൽ സജ്ജമായത്. പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, വൈപ്പിൻ, ബോൾഗാട്ടി ടെർമിനിലുകളാണ് ഇപ്പോൾ തയ്യാറായത്.
ഹൈക്കോടതി-വൈപ്പിൻ സർവീസ് ഇന്നും വൈറ്റില-കാക്കനാട് സർവീസ് നാളെയും സ്ഥിരം സർവീസ് ആരംഭിക്കും. സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ, എളങ്കുന്നപ്പുഴ ടെർമിനലുകളെ അന്തിമഘട്ടത്തിലാണ്. ഹൈക്കോടതി-വൈപ്പിൻ, വൈറ്റില-കാക്കനാട് റൂട്ടിൽ 20 രൂപയാണ് നിരക്ക്. മിനിമം 20 രൂപയും കൂടിയ നിരക്ക് 40 രൂപയുമാണ്. ഹൈക്കോടതി ടെര്ർമിനലില് നിന്ന് 16 മിനിറ്റ് കൊണ്ട് വൈപ്പിനിലെത്തും. കാക്കനാട്ടേക്ക് 26 മിനിറ്റുമാണ് ആവശ്യമായി വരുക.
















Comments