മലയാള സിനിമയിൽ നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടൻ മാമുക്കോയയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ ദിലീപ്.
‘ആ നിറഞ്ഞ ചിരിയും മാഞ്ഞു, ഹൃദയംകൊണ്ട്, ഒരു സുഹൃത്തിനെപ്പോലെ സഹോദരനെ പോലെ സ്‌നേഹിച്ച ചിരിയുടെ സുൽത്താന് വിട’
എന്നാണ് ദിലീപ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. നടൻ ഉണ്ണി മുകുന്ദനും യുവ സംവിധായകരായ വിഷ്ണു മോഹനും അഭിലാഷ് പിള്ളയും മാമുക്കോയയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അറിയിച്ചു.
ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം ബുധനാഴ്ച ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു മാമുക്കോയയുടെ അന്ത്യം. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു മാമുക്കോയ.
മലയാള സിനിമയിലെ ഹാസ്യത്തിന്റെ വേറിട്ട മുഖമായിരുന്നു മാമുക്കോയ. മലബാറിന്റെ മൊഞ്ചുള്ള ഭാഷ മലയാളി മനസ്സുകളിലേക്ക് കുടിയിരുത്തിയ ശുദ്ധഹാസ്യത്തിന്റെ, സ്വാഭാവിക ഹാസ്യത്തിന്റെ നേർപ്പതിപ്പായിരുന്നു അദ്ദേഹം. പഠനകാലം മുതൽ തന്നെ സ്‌കൂളിൽ നാടകങ്ങൾക്ക് നേതൃത്വം നൽകുകയും അഭിനയിക്കുകയും ചെയ്തിരുന്ന വ്യക്തിയാരുന്നു അദ്ദേഹം.
















Comments