ഡെറാഡൂൺ: ചാർധാം യാത്രയുടെ ഭാഗമായി ബദരിനാഥ് ധാമിന്റെ വാതിലുകൾ തീർത്ഥാടകർക്കായി തുറന്നു. ശ്ലോകങ്ങൾക്കും മന്ത്രോച്ചാരണങ്ങൾക്കുമിടയിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് ഭക്തർക്കായി ധാമിന്റെ വാതിലുകൾ തുറന്നത്. മഹാവിഷ്ണുവിന്റെ വിഗ്രഹം 15 ക്വിന്റൽ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. ആയിരകണക്കിന് തീർത്ഥാടകരാണ് ബദരിനാഥ് ധാമിൽ സന്നിഹിതരായത്.
നിരവധി സവിശേഷ വിശ്വാസങ്ങളാണ് ബദരിനാഥ് ക്ഷേത്രത്തിനുള്ളത്. ഒരു വർഷം വരെ അണയാതെ കത്തുന്ന വിളക്കാണ് ബദരിനാഥിന്റെ പ്രധാന വിശ്വാസങ്ങളിലൊന്ന്. ക്ഷേത്രം അടയ്‌ക്കുമ്പോൾ തെളിയിച്ചിരുന്ന വിളക്ക് ഒരു വർഷത്തിന് ശേഷം ക്ഷേത്ര വാതിൽ തുറക്കുമ്പോഴും അണയാതെ നിൽക്കുമെന്നാണ് വിശ്വാസം. ഇത്തവണയും വാതിൽ തുറന്നപ്പോൾ ആ ദീപം പ്രത്യക്ഷമായിരുന്നു. അടച്ചിട്ട ശ്രീകോവിലിൽ ഇത്രയും നാൾ ഈ വിളക്ക് എങ്ങനെ കത്തുന്നു എന്നതിന്റെ രഹസ്യം ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ബദരിനാഥിൽ പൂജകൾക്കിടയിൽ ശംഖ് മുഴക്കാറില്ല എന്നൊരു വിശ്വാസം കൂടിയുണ്ട്. അതിന് പിന്നിലും ഒരു കഥയുണ്ട്. ഒരിക്കൽ ലക്ഷ്മി മാതാവ് ബദരീനാഥിലെ തുളസി ഭവനിൽ ധ്യാനത്തിലായിരുന്നു. ആ സമയത്താണ് മഹാവിഷ്ണു ശംഖ്ചൂർണ്ണൻ എന്ന അസുരനെ വധിച്ചത്. എന്നാൽ ആഹ്ലാദത്തിൽ ശംഖ് ഊതാൻ മഹാവിഷ്ണു തയാറായെങ്കിലും ലക്ഷ്മി ദേവിയുടെ ധ്യാനം തടസ്സപ്പെടുമെന്ന് കരുതി മഹാവിഷ്ണു ശംഖ് ഊതിയില്ല. അന്ന് മുതലാണ് ബദരിനാഥിൽ ശംഖ് മുഴക്കാത്തത് എന്നാണ് വിശ്വാസം.
ഏപ്രിൽ 22-നാണ് ചാർധാം യാത്രയ്‌ക്ക് തുടക്കം കുറിച്ചത്. അക്ഷയത്രിതിയ ദിനത്തിൽ യമുനോത്രി ധാമിൽ നിന്നായിരുന്നു യാത്ര ആരംഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കേദാർനാഥ് ധാമിന്റെ വാതിലുകൾ തുറന്നിരുന്നു. ബദരീനാഥ് ഉൾപ്പെടെയുള്ള ചാർധാമിന്റെ വാതിലുകൾ എല്ലാ വർഷവും ഒക്ടോബർ-നവംബർ മാസങ്ങളിൽ ശൈത്യകാലത്ത് അടയ്‌ക്കും. അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ യാത്രയ്‌ക്കായി വീണ്ടും തുറക്കും.
















Comments