ഇത്തവണത്തെ തൃശൂർ പൂരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മേളപ്രമാണി പനമുക്കുംപള്ളി ദേശത്തുനിന്നാണ്. എഴുപതോളം വരുന്ന വാദ്യസംഘത്തിന്റെ നായകനാണ് അയ്യന്തോൾ സ്വദേശി മംഗലത്ത് വീട്ടിൽ നിതിൻ എന്ന 21-കാരൻ. ഇത്തവണ പനമുക്കുംപള്ളി ശാസ്താവിന്റെ വടക്കുംനാഥനിലേക്കുള്ള വരവിൽ മേളത്തിന്റെ നായകനായി നിതിനാകുമെത്തുക.
അയ്യന്തോൾ കണ്ണന്റെ ശിഷ്യനായി ആറാം വയസിലാണ് നിതിൻ ചെണ്ടയുടെ ബാലപാഠങ്ങൾ അഭ്യസിച്ച് തുടങ്ങുന്നത്. പത്താം വയസിൽ അയ്യന്തോൾ കാർത്യായനി ദേവിയ്‌ക്ക് മുന്നിൽ തായമ്പക കൊട്ടി അരങ്ങേറി. 2012 മുതൽ അയ്യന്തോൾ ദേശത്തിന്റെ ഒട്ടുമിക്ക ചടങ്ങിലും ചെണ്ടമേളത്തിൽ നിതിന്റെ സാന്നിധ്യമുണ്ട്. തൃശൂർ പൂരത്തിന്റെ ഭാഗമായി കണിമംഗലത്തിനും നെയ്തലക്കാവിനും വേണ്ടി കൊട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ തൃശൂർ പൂരം കൊടിയിറക്കത്തിൽ അയ്യന്തോൾദേശത്തിന്റെ ഉത്രം വിളക്കിൽ 40 കലാകാരൻമാർക്ക് പ്രമാണിയായി. ഇതിന് ശേഷമാണ് ഇത്തവണ മേളപ്രമാണിയാകുന്നത്.
പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് പനമുക്കുംപള്ളി ശാസ്താവ് വടക്കുംനാഥ സന്നിധിയിലേക്ക് എഴുന്നള്ളുക.. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലെത്തുമ്പോൾ പഞ്ചവാദ്യം മേളത്തിന് വഴി മാറും. പിന്നീട് കിഴക്കേ ഗോപുര നടയിൽ എഴുപതോളം കലാകരാന്മാരുടെ പാണ്ടിമേളം കൊട്ടിക്കയറും. അതിൽ പ്രമാണികത്വം വഹിക്കുകയെന്നതാണ് നിതിന്റെ ദൗത്യം. പൂരത്തിന്റെ ചരിത്രത്തിൽ ഒരു പക്ഷെ ഇത്രയും പ്രായം കുറഞ്ഞ ഒരാൾ മേളത്തിന്റെ അമരത്തെത്തുന്നത് ആദ്യമായിരിക്കും.. അതിനാൽ തന്നെ മംഗലത്ത് വീട്ടിൽ ജയകുമാറിന്റെയും രമാദേവിയുടെയും മകനായ ഈ 21-കാരന് ഇതൊരു ദൈവ നിയോഗവുമാണ്..
Comments