തൃശൂർ: പൂരത്തിനായി ശക്തന്റെ മണ്ണ് ഒരുങ്ങി കഴിഞ്ഞു.നാളെയാണ് സാമ്പിൾ വെടിക്കെട്ട്. വെടിക്കെട്ടിൽ പ്രധാന ആകർഷണമാകാൻ പോകുന്നത് കുതിപ്പ് ആരംഭിച്ച് കഴിഞ്ഞ വന്ദേ ഭാരത് ആകും. തിരുവമ്പാടിയുടെ വെടിക്കെട്ടുപുരയിലാണ് മാനത്ത് കുതിക്കാനുള്ള വന്ദേ ഭാരത് ഒരുങ്ങുന്നത്. പല വർണത്തിലുള്ള നിലയമിട്ടുകളാണ് പാറമേക്കാവിന്റെ വെടിക്കെട്ടുപുരയിൽ ഒരുങ്ങുന്നത്.
മാനത്തോടിക്കളിക്കുന്ന അമിട്ടിന് ഇത്തവണ ഇട്ടിരിക്കുന്ന പേരാണ് വന്ദേ ഭാരത്. ഓരോ ദേവസ്വത്തിന്റെയും വെടിക്കെട്ട് പുരയിലും 30-ൽ കുറയാതെ തൊഴിലാളികളാണ് സാമ്പിൾ വെടിക്കെട്ടിനായി പണിയെടുക്കുന്നത്. തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരി കൊളുത്തുന്നത്. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാകും ഇത്. പിന്നാലെ പാറമേക്കാവ് തിരി തെളിയും. സാമ്പിൾ വെടിക്കെട്ട്. പൂരം വെടിക്കെട്ട്, പകൽ പൂരം വെടിക്കെട്ട് എന്നിവയ്ക്കായി 2,000 കിലോ വീതം പൊട്ടിക്കാനാണ് പെസോയും ജില്ലാ ഭരണകൂടവും അനുമതി നൽകിയിരിക്കുന്നത്. വന്ദേ ഭാരതിനൊപ്പം കെ റെയിലും മാനത്ത് കാണാമെന്നാണ് വിവരം.
പൂരം പൊടിപൂരമാക്കാൻ വന്ദേ ഭാരത്; എത്തുന്നത് അങ്ങ് ആകാശത്ത്!!
മുൻ വർഷങ്ങളിൽ പൂരവെടിക്കെട്ടെന്ന് കേട്ടാൽ ശബ്ദമായിരുന്നു. എന്നാൽ ഇന്ന് വർണത്തിനാണ് പ്രാധാന്യം. പ്രഹര ശേഷിയുള്ളതൊന്നും ഉപയോഗിക്കില്ല. വെടിമരുന്നുകൾ ശേഖരിച്ച് ലാബിൽ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് പുരകളിലെത്തിച്ച് പണികൾ ആരംഭിച്ചത്.
Comments