നയ്റോബി: സ്വർഗത്തിൽ എത്താൻ വേണ്ടി പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 90 കടന്നു. കെനിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുഡ് ന്യൂസ് ഇൻറർനാഷണൽ ചർച്ചിലെ പ്രഭാഷകനായ പോൾ മക്കെൻസിയുടെ വാക്കുകേട്ടാണ് വിശ്വാസികളാണ് പട്ടിണി കിടന്നത്. വനത്തിനുള്ളിൽ മരണം കാത്ത് പട്ടിണി കിടന്ന 34 പേരെയാണ് ഇതിനകം പോലീസ് രക്ഷപ്പെടുത്തിയത്.
സ്വർഗത്തിലെത്തി ദൈവത്തെ കാണുന്നതിനായി പട്ടിണി കിടക്കാനാണ് പ്രഭാഷകൻ നിർദ്ദേശം നൽകിയത്. ഷാകഹോല വനത്തിലാണ് വിശ്വാസികൾ പട്ടിണി കിടന്നത്. ഒരു കുടുംബത്തിലെ അഞ്ചു പേരുടെ കുഴിമാടം ഉൾപ്പെടെ ഇവിടെനിന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു. 800 ഏക്കറോളം വിശാലമായ വനത്തിൽ കൂടുതൽ പരിശോധന നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രി കിഥൂർ അറിയിച്ചു. ഈ മേഖലയിൽ നിന്ന് അടുത്തകാലത്തായി 112 പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോൾ മക്കെൻസിയെ അറസ്റ്റ് ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം നിഷേധിച്ചു. 2019ൽ തന്റെ സംഘടനയെ പിരിച്ചുവിട്ടിരുന്നുവെന്നാണ് മക്കെൻസിയുടെ വാദം. പ്രഭാഷകന്റെ അടുത്ത അനുയായികൾ ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
















Comments