എറണാകുളം: സിനിമ സംഘടനകൾ വിലക്ക് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാനൊരുങ്ങി നടൻ ശ്രീനാഥ് ഭാസി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. എന്നാൽ അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവിന്റെ അനുമതിക്ക് ശേഷമേ അപേക്ഷ സ്വീകരിക്കാൻ നടപടി സ്വീകരിക്കുകയുള്ളൂ.
ഡേറ്റ് നൽകാമെന്ന് പറഞ്ഞുകൊണ്ട് നിർമ്മാതാവിൽ നിന്ന് അഡ്വാൻസ് വാങ്ങിയിട്ടും ഷൂട്ടിനെത്താതെ വട്ടം ചുറ്റിച്ചെന്നും ഒരേസമയം പല സിനിമകൾക്കു ഡേറ്റ് കൊടുത്തു സിനിമയുടെ ഷെഡ്യൂളുകൾ തകിടം മറിച്ചെന്നുമാണ് ശ്രീനാഥിനെതിരെയുള്ള പരാതി. ഇതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്.
നിർമ്മാതാവുമായി ഒപ്പുവയ്‌ക്കുന്ന കരാറിൽ അമ്മയുടെ രജിസ്ട്രേഷൻ നമ്പർ ഉണ്ടാകണമെന്നും അല്ലാത്ത താരങ്ങളുടെ കാര്യത്തിൽ തങ്ങൾക്ക് റിസ്കെടുക്കാനാകില്ലെന്നും സംഘടനകൾ വ്യക്തമാക്കിയതിന് പിന്നാലെയാണു ശ്രീനാഥ് ഭാസി അംഗത്വത്തിന് അപേക്ഷിച്ചത്. ഇതിനിടയിൽ വിലക്കിനെതിരെ ഷെയ്ൻ നിഗവും അമ്മയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്നിന്റെ വാദം.
Comments