എറണാകുളം: പ്രമുഖ ശാസ്ത്രജ്ഞനും പ്രഭാഷകനുമായ ഡോ. എൻ. ഗോപാലകൃഷ്ണന്റെ മരണത്തിൽ അനുസ്മരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ. ജ്ഞാന വിപ്ലവം സൃഷ്ടിച്ച സ്വാഭിമാനി ഹിന്ദുവായിരുന്നു ഡോ. എൻ. ഗോപാലകൃഷ്ണൻ എന്നും ഈ നഷ്ടം നികത്താനാകില്ലെന്നും ശശികല ടീച്ചർ അനുസ്മരിച്ചു. അശ്രുപൂജയോടെ അദ്ദേഹത്തിന് പാദ പ്രണാമം ചെയ്യുന്നതായും ടീച്ചർ പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് രാത്രി ഒൻപത് മണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗോപാലകൃഷ്ണന്റെ അന്ത്യം. 6000-ൽ അധികം പ്രഭാഷണങ്ങളിലൂടെ ഹൈന്ദവബോധം പകർന്ന മനീഷിയായിരുന്നു അദ്ദേഹം. 1999-ൽ തിരുവനന്തപുരത്ത് കേന്ദ്രമാക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായ അദ്ദേഹം ഇന്ത്യൻ ശാസ്ത്ര പൈതൃകം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുഴുവൻ സമയവും നീക്കി വെച്ചു. സംസ്‌കൃതത്തിലെ ഗവേഷണത്തിനും പഠനത്തിനും ഡി.ലിറ്റ് ലഭിച്ച ഏക ശാസ്ത്രജ്ഞനാണ് അദ്ദേഹം.
28 വർഷത്തെ ഗവേഷണ പരിചയമുള്ള ഡോ. എൻ ഗോപാലകൃഷ്ണൻ ദേശീയ അന്തർദേശീയ ശാസ്ത്ര ജേണലുകളിൽ 50 ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 7 പേറ്റന്റുകൾ, ശാസ്ത്ര ഗവേഷണത്തിനുള്ള 6 അവാർഡുകൾ, ഇന്ത്യയിലും വിദേശത്തുനിന്നും 9 ശാസ്ത്ര ജനകീയവൽക്കരണ അവാർഡുകൾ, രണ്ട് ഫെലോഷിപ്പുകൾ എന്നിവ നേടി. 60 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.
















Comments