അധികാരത്തിനായി യുദ്ധം ആരംഭിച്ച കാലം മുതലുള്ള യുദ്ധനീതി, ചോള-പാണ്ഡ്യ വംശ പകയിലൂടെ പറഞ്ഞ് അവസാനിപ്പിക്കുകയാണ് മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം. തികഞ്ഞ സസ്‌പെൻസ് ഒളിപ്പിച്ച് റിലീസിനൊരുങ്ങുകയാണ് ചിത്രം. ഏപ്രിൽ 28-നാണ് ചിത്രം തിയേറ്ററുടകളിൽ എത്തുന്നത്. റിലീസിന് മുന്നോടിയായി സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
സ്‌നീക്ക് പീക്കിലെ മുഖ്യ ആകർഷണം ജയറാമിന്റെ ഉഗ്രൻ മേക്കോവറാണ്. പൂണുലും കുടുമയും ധരിച്ച് നമ്പിയായി തിളങ്ങിയ ജയറാമിന്റെ പുത്തൻ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. നീട്ടിയ താടിയും ജടയുമുള്ള ലുക്കിന് കാളമുഖൻ എന്നാണ് വിശേഷണം. ജയറാം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ചിത്രത്തിലെ പുതിയ ലുക്ക് പുറത്തുവിട്ടത്.
ജയറാമിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, റഹ്‌മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിൻ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
പിഎസ് 2 സ്‌നീക്ക് പീക്ക് വീഡിയോ
ആദ്യ ഭാഗത്ത് പ്രേക്ഷകർ കണ്ടതിനും കേട്ടതിനുമെല്ലാം ഉത്തരം നൽകി കൊണ്ടാണ് മണിരത്‌നം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദിത്യകരികാലന്റെ നഷ്ടപ്രണയം, നന്ദിനിയുടെ പ്രതികാരം, അരുൾ മൊഴി വർമ്മൻ മരണപ്പെട്ടു എന്ന അഭ്യൂഹം എന്നിങ്ങനെയുള്ള രംഗങ്ങളുടെ തുടർച്ചയാണ് രണ്ടാം ഭാഗത്തിൽ ഉടനീളം കാണാൻ കഴിയുക. സിനിമയുടെ മൊത്തത്തിലുള്ള ആസ്വാദനത്തിനായി നോവലിൽ നിന്നും വ്യത്യസ്തമായ ചില പരീക്ഷണങ്ങൾ മണിരത്‌നം രണ്ടാം ഭാഗത്തിൽ നടത്തിയിട്ടുണ്ട്. സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം പൊന്നിയൻ സെൽവൻ ഒരുക്കിയിരിക്കുന്നത്.
Comments