കൊച്ചി: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്‌ഫിയെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ആവശ്യം കലൂർ എൻഐഎ കോടതി അംഗീകരിച്ചു. അടുത്തമാസം രണ്ടു മുതൽ എട്ട് വരെ ഷാരൂഖ് സെയ്‌ഫിയെ കസ്റ്റഡിയിൽ വിടും.
ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷം കസ്റ്റഡിയിൽ വാങ്ങാമെന്നാണ് കോടതിയെ എൻഐഎ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ഇതുവരെ ശേഖരിച്ചിട്ടുള്ള തെളിവുകൾ കുറ്റകൃത്യത്തിന് തീവ്രവാദ സ്വഭാവമുണ്ടെന്ന് വ്യക്തമാക്കുന്നതായി എൻഐഎയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. കേസിൽ പോലീസിന്റെ കൈവശമുള്ള അന്വേഷണ രേഖകൾ എൻഐഎയ്‌ക്ക് കൈമാറിയിരുന്നു. എഫ്ഐആറും, കേസ് ഡയറിയും തൊണ്ടി സാധനങ്ങളുമടക്കമായിരുന്നു കൈമാറിയത്.
ട്രെയിൻ തീവയ്പ്പ് എൻഐഎ ഏറ്റെടുത്തതിന് പിന്നാലെയാണ് തുടർ നടപടികൾ ആരംഭിച്ചത്. കേസിന് ഭീകരവാദ ബന്ധമുണ്ടെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കേരളാ പോലീസ് യുഎപിഎ ചുമത്തുകയും ചെയ്തു. ഷാരൂഖ് സെയ്ഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകവും, ട്രയിൻ അട്ടിമറിയുമാണെന്നാണ് പോലീസ് അന്വേഷണത്തിലും വ്യക്തമായത്.
ഏപ്രിൽ രണ്ടിന് രാത്രിയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിലെ ഡി വൺ കോച്ചിൽ കടന്ന ഷഹീൻ ബാഗ് സ്വദേശിയായ ഷാരുഖ് സെയ്ഫി യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീയിട്ടത്.
എലത്തൂരിൽ വച്ചായിരുന്നു ആക്രമണം. തീപിടിച്ച ട്രെയിനിൽ നിന്ന് പ്രാണരക്ഷാർത്ഥം ചാടിയ മൂന്ന് പേർ മരിച്ചിരുന്നു.
















Comments