ഇടുക്കി: കഴിഞ്ഞ ദിവസം നിർത്തിവെച്ച അരിക്കൊമ്പൻ ദൗത്യം ഇന്ന് വീണ്ടും ആരംഭിക്കും. രാവിലെ എട്ട് മണിയ്‌ക്ക് തന്നെ ദൗത്യം ആരംഭിക്കും. ട്രാക്കിംഗ് ടീം പുലർച്ചെ മുതൽ അരിക്കൊമ്പനെ നിരീക്ഷിയ്‌ക്കാൻ തുടങ്ങി. നിലവിൽ അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമേട്ടിൽനിന്ന് താഴേയ്‌ക്ക് ഇറങ്ങിയതായാണ് സൂചന. ഗ്യാപ്പ് റോഡ് മുറിച്ച് കിടന്ന് ആനയിറങ്കൽ ഭാഗത്തേക്ക് നീങ്ങിയതായും റിപ്പോർട്ടുണ്ട്. ആനയുടെ കാൽപ്പാടുകൾ റോഡിൽ നിന്ന് കണ്ടെത്തിയിരുന്നു. മിഷൻ അരിക്കൊമ്പൻ ഇന്ന് നടന്നില്ലെങ്കിൽ മറ്റന്നാളും ശ്രമം തുടരും.
അതേ സമയം ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയതിന് ശേഷം അരിക്കൊമ്പൻ മലകയറി എന്നാണ് വനംവകുപ്പിന്റെ നിഗമനം. നിലവിൽ ശങ്കരപാണ്ഡ്യമേട്ടിൽ നിന്ന് ആനയിറങ്കലിലേക്ക് അരിക്കൊമ്പനെ എത്തിക്കുകയാണ് ആദ്യ ദൗത്യം. ആനയെ കണ്ടെത്താത്തതിനാലാണ് ഇന്നലെ ദൗത്യം നിർത്തി വെച്ചതെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. രാവിലെ നാല് മണിക്ക് ആരംഭിച്ച അരിക്കൊമ്പൻ ദൗത്യമാണ് ഇന്നലെ നിർത്തിവെച്ചത്. തുടർന്ന് ജിപിഎസ് കോളർ ബേസ് ക്യാമ്പിൽ തിരിച്ചെത്തിച്ചിരുന്നു.
















Comments