തൃശ്ശൂർ: ചരിത്രപ്രസിദ്ധമായ തൃശൂർ പൂരം നാളെ. ഇന്ന് പൂര വിളംബരം നടക്കും. നെയ്തലകാവിലമ്മ തെക്കേ ഗോപുര നട തുറന്ന് ഘടക പൂരങ്ങളെ സ്വാഗതം ചെയ്യും. വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എറണാകുളം ശിവകുമാറാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എഴുന്നള്ളുന്നത്. ഇന്നു രാവിലെ 11.30-ന് തെക്കേ ഗോപുരനട തുറക്കുക.
രാവിലെ 7.30-ന് നെയ്തലകാവിൽ നിന്ന് നാദരസ്വരത്തിന്റെ അകമ്പടിയോടെ പുറപ്പാട് ആരംഭിച്ചു. 10-ഓടെ മണികണ്ഠനാലിൽ എത്തും. അവിടെ നിന്ന് കിഴക്കൂട് അനിയൻ മാരാരുടെ മേള അകമ്പടിയിൽ വടക്കുംനാഥന്റെ അകത്ത് പ്രവേശിച്ച് തെക്കേ നട തുറക്കുന്നതോടെ വിളംബരമാകും. വൈകീട്ട് ഘടക പൂരങ്ങൾക്കും ഇരു ദേവസ്വങ്ങൾക്കുമുള്ള ആനകളുടെ ശാരീരിക പരിശോധന തേക്കിൻകാട് നടക്കും.
നെയ്തലക്കാവിലമ്മയെ ശിരസ്സിലേറ്റി പൂരവിളംബരമറിയിക്കാനുള്ള നിയോഗം ഇത്തവണയും കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവകുമാർ എന്ന കൊമ്പനാണ്. വടക്കുംനാഥ ക്ഷേത്രത്തോട് ചേർന്ന ആനപ്പറമ്പിൽ അതിനുള്ള തയ്യാറെടുപ്പിലാണ് ശിവകുമാർ. മേയ് ഒന്നിന് പൂരം ഉപചാരം ചൊല്ലിപ്പിരിയുമ്പോൾ പാറമേക്കാവ് ഭഗവതിയുടെ തിടമ്പുമായി ശിവകുമാറുണ്ടാകും. മെയ് ഒന്നിനാണ് ഉപചാരം ചൊല്ലൽ.
അതേസമയം ഇന്നലെ തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നടന്നു. തിരുവമ്പാടി തുടങ്ങി വച്ചത് പാറമേക്കാവ് പൂർത്തിയാക്കി. 10മിനിട്ടിലേറെ നീണ്ടതായിരുന്നു ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട്. തിരുവമ്പാടി വിഭാഗമായിരുന്നു ആദ്യം സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തിയത്. ഇരു വിഭാഗത്തിനും രണ്ടായിരം കിലോ കരിമരുന്നാണ് പൊട്ടിക്കാൻ അനുമതി ഉണ്ടായിരുന്നത്.
















Comments