തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ വരമ്പതി കാളിമല തീർത്ഥാടനത്തിന് തുടക്കമായി. രാവിലെ വെള്ളയാണി ദേലീക്ഷേത്രത്തിൽ ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയാണ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തത്.
കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെകെ ചന്ദുകൃഷ്ണയുടെ അദ്ധ്യക്ഷതയിലായിരുന്നു ചടങ്ങുകൾ. ആർഎസ്എസ് നേതാക്കളായ സുദർശൻ, പ്രമോദ്, കാളിമല ട്രസ്റ്റ് ഭാരവാഹികളായ രാജേന്ദ്രൻ, കെ പ്രഭാകരൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു. മെയ് അഞ്ചിന് ചിത്രപൗർണമി പൊങ്കാലയോടെയാണ് ഉത്സവം അവസാനിക്കുക.
ഇന്ന് വൈകുന്നേരം രഥയാത്ര ചൂണ്ടിക്കലിൽ സമാപിക്കും. തുടർന്ന് തീർത്ഥാടന ഉദ്ഘാടന സമ്മേളനം നടക്കും. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. പൂജ്യ ചൗതന്യാനന്ദജി മഹാരാജ അനുഗ്രഹ പ്രഭാഷണം നടത്തും. ഇതോടെ ഏഴ് ദിവസം നീണ്ട് നിൽക്കുന്ന കാളിമല തീർത്ഥാടനത്തിന് തുടക്കമാകും. തീർത്ഥാടകരെ വരവേൽക്കാൻ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.
മെയ് അഞ്ചിനാണ് കാളിമല പൊങ്കാല. സമുദ്ര നിരപ്പിൽ നിന്നും 3,500 അടിയോളം ഉയർച്ചയിലുള്ള സഹ്യപർവ്വത ശിഖരമായ കൂനിച്ചി, കൊണ്ടകിട്ടി, വരമ്പതി മലകളുടെ മുകളിലായിട്ടാണ് കാളിമല തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. തീർത്ഥാടന ദിവസങ്ങളിൽ ദേവീ മാഹാത്മ്യം പാരയണം, അന്നദാനം മറ്റു വിശേഷാൽ പൂജകൾ എന്നിവയുമുണ്ട്.
















Comments