സ്വാദിഷ്ടമായ ഭക്ഷണം കഴിക്കുമ്പോൾ നമുക്കൊരു സന്തോഷം ഉണ്ടാകുന്നുണ്ട് . അതിന്റെ കാരണം ആ ഭക്ഷ്യവസ്തു കഴിക്കുമ്പോൾ തലച്ചോറിൽ ഡോപാമിൻ എന്ന ഒരു നല്ല രാസവസ്തു പുറത്തുവരുന്നത് കൊണ്ടാണ്. അതിനാൽ, ചില ഭക്ഷണങ്ങൾ ഡോപോമിന്റെ സഹായത്തോടെ തലച്ചോറിന്റെ ആനന്ദാന്വേഷണ കേന്ദ്രങ്ങളെ എളുപ്പത്തിൽ ശാന്തമാക്കുന്നു.അത്തരം ഭക്ഷണം മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് നമുക്ക് മികച്ചതായി തോന്നുന്നു. അതിനോട് നമുക്കൊരു ഇഷ്ടം തോന്നുന്നു. ആ ഭക്ഷണത്തെക്കുറിച്ചു ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നു. നമ്മുടെ മനസ്സിൽ തോന്നുന്ന ഈ സന്തോഷം തലച്ചോർ പോസിറ്റീവായി റജിസ്റ്റർ ചെയ്യുന്നു.
ഒരു ദിവസം നമുക്കൊരു ടെൻഷൻ ഉണ്ടെങ്കിൽ നമ്മൾ റിലാക്സ് ചെയ്യാൻ അന്ന് റജിസ്റ്റർ ചെയ്യപ്പെട്ട ഭക്ഷണം കഴിക്കും.ഇവയെ കംഫർട്ട് ഫുഡ്സ് എന്ന് വിളിക്കുന്നു. സ്വാഭാവികമായി വറുത്തഭക്ഷണത്തെ പലപ്പോഴും നാം ഇങ്ങിനെ ആശ്രയിക്കാറുണ്ട്, അവയിൽ ഏറ്റവും സാധാരണയായി അറിയപ്പെടുന്നത് ഫ്രഞ്ച് ഫ്രൈകളാണ്. ഫ്രഞ്ച് ഫ്രൈ ശീലമാക്കിയാൽ പിന്നെ ഒഴിവാക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണമാണ്.
എന്നാൽ ചൈനയിലെ ഹാങ്‌ഷൂവിലെ ഗവേഷകർ പറയുന്നതനുസരിച്ച്, ഫ്രഞ്ച് ഫ്രൈകൾ കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും വിഷാദവും ഉത്കണ്ഠയും വഷളാക്കുകയും ചെയ്യും. ഫ്രഞ്ച് ഫ്രൈ പോലുള്ള വറുത്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്ന ആളുകൾക്ക് ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെ കടന്നുപോകാനുള്ള സാധ്യത 12 ശതമാനം കൂടുതലാണെന്നും വറുത്ത ഭക്ഷണം കഴിക്കാത്തവരേക്കാൾ ഏഴ് ശതമാനം വിഷാദരോഗത്തിനുള്ള സാധ്യതയുണ്ടെന്നും ഗവേഷണം പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ PNAS പ്രൊസീഡിംഗ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം ഫ്രഞ്ച് ഫ്രൈയോടുള്ള ഈ ആഭിമുഖ്യം യുവജനങ്ങളിലും കുട്ടികളിലുമാണ് കൂടുതൽ പ്രകടമാകുന്നത്.
ഫ്രഞ്ച് ഫ്രൈ പോലെ വറുത്ത ഭക്ഷണങ്ങൾ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടോ, അല്ലെങ്കിൽ ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്ന ആളുകൾ ഫ്രഞ്ച് ഫ്രൈ പോലെയുള്ള വറുത്ത ഭക്ഷണത്തിലേക്ക് തിരിയുന്നുണ്ടോ എന്നതൊക്കെ പരിശോധിക്കണം.
വറുത്ത ഭക്ഷണങ്ങൾ ഉത്കണ്ഠയ്‌ക്കും വിഷാദത്തിനും കാരണമാകുന്നത് എങ്ങനെയെന്ന് നോക്കാം. നിങ്ങൾ സങ്കടപ്പെടുകയോ ഉത്കണ്ഠാകുലരാകുകയോ ചെയ്യുമ്പോൾ, ആ നിമിഷം സുഖം പ്രാപിക്കാൻ നിങ്ങൾ വറുത്ത കാർബോഹൈഡ്രേറ്റ് ഭക്ഷണത്തെ ആശ്രയിക്കുന്നു. സ്വാദും മണവുമുള്ള ഈ ഭക്ഷണം നിങ്ങളുടെ തലച്ചോറിലെ ആനന്ദ പോയിന്റുകൾ സജീവമാക്കും. ഫ്രഞ്ച് ഫ്രൈ കാണുമ്പോൾ തന്നെ നിങ്ങൾക്ക് സന്തോഷം തോന്നും. അറിയാതെ കൈ പാത്ത്രത്തിലേക്ക് നീളും. ഒടുവിൽ ആ പത്രം കാലിയാകുമ്പോൾ മാത്രമായിരിക്കും നിങ്ങൾ അറിയുക.
അപ്പോഴേക്കും നിങ്ങൾ റിലാക്സ് ആകും. പക്ഷെ നിങ്ങളുടെ ഉത്കണ്ഠയുടെ കാരണം അഡ്രസ് ചെയ്യപ്പെടാതെ തുടരുന്നു. അതിനാൽ, കൂടുതൽ നേരം സുഖമായിരിക്കാൻ നിങ്ങൾ കൂടുതൽ ഭക്ഷണത്തിലേക്ക് എത്തുന്നു. താമസിയാതെ നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്ന രീതിയിലേക്ക് പ്രവേശിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. അതേസമയം, ശ്രദ്ധിക്കപ്പെടാത്ത വൈകാരിക ആരോഗ്യം വഷളാകുന്നു, കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്നുള്ള ഭീഷണി വേറെ. ഈ സാഹചര്യത്തിൽ ഫ്രഞ്ച് ഫ്രൈകൾ, യഥാർത്ഥത്തിൽ മാനസികാരോഗ്യ പ്രശ്‌നത്തെ കൂടുതൽ വഷളാക്കുന്നു എന്ന് മനസിലാക്കാം.
മാത്രമല്ല, വറുത്ത ഭക്ഷണങ്ങൾ അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ തകരാറുകൾ തുടങ്ങിയ സങ്കീർണതകൾ വർദ്ധിപ്പിക്കും, ഇത് ബാധിച്ച വ്യക്തിയെ കൂടുതൽ വിഷാദരോഗത്തിലേക്ക് തള്ളിവിടും.
അതുകൊണ്ട് റെഗുലർ ഭക്ഷണത്തിൽ ഫ്രഞ്ച് ഫ്രൈ പോലെയുള്ള വറുത്ത ഐറ്റങ്ങൾ ഒഴിവാക്കുക.ടെൻഷൻ വരുമ്പോൾ,സിനിമ കാണുമ്പോൾ ഒക്കെ ഫ്രഞ്ച് ഫ്രൈ കഴിക്കുന്നത് ഒഴിവാക്കുക.
സിനിമ തീയറ്ററിൽ ഫ്രഞ്ച് ഫ്രൈ കഴിക്കുന്നവരിൽ ഏറെയും കുട്ടികളാണ്. അവർക്കും ഈ ഭീഷണി ബാധകമാണ്. കുട്ടികൾക്ക് ഇതൊക്കെ ഒബീസിറ്റി വർധിപ്പിക്കുകയും അവരെ ഹൃദ്രോഗി ആക്കുകയും ചെയ്യും.
Comments