തൃശൂർ: വടക്കുംനാഥന് മുൻപിൽ ജനലക്ഷങ്ങൾ മനുഷ്യസാഗരം തീർക്കുന്ന തൃശൂർ പൂരം ഇന്ന്. പൂരാവേശത്തിലാണ് ശക്തന്റെ മണ്ണ്. പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവ് രാവിലെ ഏഴരയോടെ വടക്കുംനാഥനിലെത്തുന്നതോടെ ആവേശോജ്ജലമായ പൂരത്തിന് തുടക്കമാകും. പതിനൊന്നരയ്‌ക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യം. ശ്രീമൂലസ്ഥാനത്തെ പാണ്ടിമേളത്തിന് ശേഷം തിരുവമ്പാടി ഭഗവതി വടക്കുംനാഥനിലെത്തും. 12.15-ന് പാറമേക്കാവിൽ എഴുന്നള്ളിപ്പ് തുടങ്ങും.
പാണ്ടിമേളത്തിന് അകമ്പടിയായി 15 ഗജവീരന്മാരുണ്ടാകും. രണ്ടോടെയാണ് തേക്കിൻകാട് മൈതാനത്തിലെ ഇലഞ്ഞിച്ചുവട്ടിൽ കിഴക്കൂട്ട് അനിയൻ മരാരുടെ നേതൃത്വത്തിൽ 250-ഓളം കലാകാരന്മാരുടെ ഇലഞ്ഞിത്തറ മേളം. അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. കോർപ്പറേഷന് മുൻപിലെ രാജാവിന്റെ പ്രതിമ വലംവെച്ച് തെക്കേഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും, തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുൻപിലെത്തും. ആറോടെയാണ് ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. ഏഴിന് ഭഗവതിമാർ മടങ്ങും. ഘടകപൂരങ്ങൾ ഉച്ചയോടെ വടക്കുന്നാഥനിലെത്തി മടങ്ങും. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മുതൽ അഞ്ച് വരെയാണ് വെടിക്കെട്ട്. ഉച്ചയ്‌ക്ക് ഒന്നോടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് വിടച്ചൊല്ലും.
ആരവങ്ങൾക്ക് നടുവിൽ എറണാകുളം ശിവകുമാർ കുറ്റൂർ നെയ്തലക്കാവിലമ്മയുമായെത്തി വടക്കുന്നാഥന്റെ തെക്കേ ഗോപുര നട തുറന്നാണ് പൂരവിളമ്പരമറിയിച്ചത്. ഇന്നലെ വൈകുന്നേരം പെയ്ത മഴ ലേശം ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും പൂരാവേശത്തിന് കുറവില്ല.
















Comments