തൃശൂർ: തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷങ്ങളിൽ ഒന്നായ ഇലഞ്ഞിത്തറമേളത്തിന് തുടക്കമായി. കിഴക്കൂട്ട് അനിയൻമാരാരാണ് മേള പ്രമാണി. തിരുവമ്പാടി വിഭാഗത്തിന്റെ പാണ്ടിമേളം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണിത്വത്തിലാണ് അരങ്ങേറുന്നത്. ഇലഞ്ഞിത്തറമേളത്തിന്റെ ഭാഗമാകാൻ 250-ഓളം കലാകാരന്മാരാണുള്ളത്.
പതിനൊന്നരയ്‌ക്കാണ് കോങ്ങാട് മധുവിന്റെ പ്രമാണത്തിൽ തിരുവമ്പാടിയുടെ മഠത്തിൽവരവ് പഞ്ചവാദ്യം അരങ്ങേറിയത്. പുലർച്ചയോടെ ആരംഭിച്ച ഘടകപൂരങ്ങൾ ഉച്ചയോടെ വടക്കുംനാഥനുമുന്നിലെത്തി. പഞ്ചവാദ്യ, പാണ്ടിമേളങ്ങളുടെ അകമ്പടിയോടെ കണിമംഗലം ശാസ്താവ് രാവിലെ വടക്കുന്നാഥനിലെത്തിയതോടെയാണ് ഈ വർഷത്തെ പൂരം ആരംഭിച്ചത്.
വൈകിട്ട് അഞ്ചിനാണ് പാണ്ടിമേളം കൊട്ടിയുള്ള തെക്കോട്ടിറക്കം. കോർപ്പറേഷന് മുന്നിലെ രാജാവിന്റെ പ്രതിമ വലംവച്ച് തെക്കേ ഗോപുരത്തിന് അഭിമുഖമായി പാറമേക്കാവ് ഭഗവതി നിലകൊള്ളും. അപ്പോഴേക്കും തിരുവമ്പാടി ഭഗവതി ഗോപുരത്തിന് മുന്നിലെത്തും. തുടർന്നുള്ള കുടമാറ്റത്തിനായി ആയിരക്കണക്കിന് ആരാധകരാണ് ഇപ്പോൾ മുതൽ കാത്തിരിക്കുന്നത്.
ആറോടെയാണ് ജനലക്ഷങ്ങൾ സാക്ഷിയാകുന്ന ഭഗവതിമാരുടെ മുഖാമുഖം കൂടിക്കാഴ്ചയും കുടമാറ്റവും നടക്കുക. ഏഴിന് കുടമാറ്റം കഴിഞ്ഞ് ഭഗവതിമാർ മടങ്ങും. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മുതൽ അഞ്ചുവരെയാണ് വെടിക്കെട്ട്. ഉച്ചയ്‌ക്ക് ഒന്നോടെ പകൽപ്പൂരം ശ്രീമൂലസ്ഥാനത്ത് വിടച്ചൊല്ലും.
















Comments