തൃശൂർ: ജനസാഗരത്തിന് വർണകാഴ്ചയൊരുക്കി കുടമാറ്റം. പൂരാവേശത്തിൽ മുങ്ങി തൃശൂർ നഗരി. ജനസാഗരത്തിന് ആവേശമായ കുടമാറ്റം 7.30-ന് അവസാനിച്ചു. പാറമേക്കാവിലമ്മയ്‌ക്ക് വേണ്ടി ഗുരുവായൂർ നന്ദനും തിരുവമ്പാടി ഭഗവതിയായി തിരുവമ്പാടി ചന്ദ്രശേഖരനുമാണ് തിടമ്പേറ്റിയത്. നേർക്കുനേർ നിരന്നത് 30 ഗജവീരന്മാർ. ആനപ്പുറത്ത് മത്സരത്തിന്റെ വർണന തീർത്ത് കുടമാറ്റം കാഴ്ടക്കാരിൻ ആവേശമുയർത്തി. തേക്കിൻകാട് മൈതാനത്തിൽ പതിനായിരങ്ങളാണ് അണിനിരന്നത്.
വിവിധ വർണ്ണങ്ങളിലും രൂപഭംഗിയിലുമുള്ള കുടകൾ മത്സരിച്ചുയർത്തുന്ന കാഴ്ചകാണാൻ പതിനായിരക്കണക്കിന് ആളുകൾ മൈതാനത്തിലെത്തി. 50 ഓളം കുടകളാണ് ഇരുവിഭാഗത്തിന്റെയും പക്കലുണ്ടായിരുന്നത്. വിവിധ തരത്തിലുള്ള കുടകൾ ഉയരുന്നത് കണ്ണുചിമ്മാതെ ജനങ്ങൾ നോക്കി നിന്നു. തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ച് കുടമാറ്റിക്കൊണ്ടിരുന്നു. തിരുവമ്പാടി അവസാന നിമിഷങ്ങളിലാണ് തികച്ചും വ്യത്യസ്തമായ കുടകൾ നിവർത്തി കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
നിറങ്ങളുടെ മത്സരത്തിന് മാറ്റുകൂട്ടാൻ സ്‌പെഷ്യൽ കുടകളും ഇരു വിഭാഗത്തിന്റെയും ആവനാഴിയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. കുടമാറ്റത്തിന്റെ അവസാനങ്ങളിൽ ഇരു വിഭാഗങ്ങളും അത് പുറത്തെടുത്തു. തേക്കിൻകാട് മൈതാനത്ത് തിങ്ങിനിറഞ്ഞ ജനങ്ങൾക്ക് മുൻപിൽ തല ഉയർത്തിയാണ് 30 കൊമ്പന്മാർ നിരന്നത്. വൈകുന്നേരം ആറോടെയാണ് ജനലക്ഷങ്ങളെ സാക്ഷിയാക്കി ഭഗവതിമാരുടെ മുഖാമുഖം കൂടിക്കാഴ്ചയും കുടമാറ്റവും ആരംഭിച്ചത്.
Comments