ഇരിട്ടി ; പ്രളയത്തെ അതിജീവിക്കാൻ 128 കോടി ചിലവിൽ നിർമ്മിച്ച റോഡ് വേനൽ മഴയിൽ തകർന്നു . കിലോമീറ്ററിന് 5.24 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന റീബിൽഡ് കേരള റോഡ് ആദ്യ വേനൽ മഴയിൽ തന്നെ തകരുകയായിരുന്നു . 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, വീണ്ടും പ്രളയം വന്നാൽ തകരാത്ത റോഡ് വേണം എന്ന കാഴ്ചപ്പാടിൽ വിദേശ സാങ്കേതികവിദ്യയോടെയാണു കെഎസ്ടിപി നേതൃത്വത്തിൽ റോഡ് പണിയുന്നത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം.
പാലത്തിൻകടവിലും മുടിക്കയത്തും മെക്കാഡം ടാറിങ്ങടക്കം ഒഴുകിപ്പോയതായാണു പരാതി. പാലത്തിൻകടവിൽ അര മീറ്റർ മുതൽ 1 മീറ്റർ വരെ വീതിയിലാണ് റോഡ് തകർന്നത്. 50 മീറ്ററോളം നീളത്തിൽ ടാറിങ്ങിന്റെ അടിത്തറയടക്കം ഒലിച്ചുപോയി. ഓവുചാലിൽ കൂടി ഒഴുകാതെ റോഡിലൂടെയാണ് മഴവെള്ളം കുത്തിയൊലിച്ചത്. റോഡരികിൽ താമസിക്കുന്ന മിക്ക വീടുകളിലും കൃഷി സ്ഥലങ്ങളിലും ചെളി നിറഞ്ഞു.
പ്രളയ പുനർനിർമാണ പദ്ധതിയിൽപെടുത്തി രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്ന എടൂർ- കമ്പനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ്- വാണിയപ്പാറ- ചരൾ- വളവുപാറ- കച്ചേരിക്കടവ്- പാലത്തുംകടവ് റോഡ് നിർമാണം ഇതോടെ വിവാദത്തിലും സംശയ നിഴലിലുമായി. 24.5 കിലോമീറ്റർ വരുന്ന റോഡ് 128.43 കോടി രൂപ ചെലവിലാണു നവീകരിക്കുന്നത്. 2 വർഷം മുൻപ് നിർമാണം ആരംഭിച്ചപ്പോൾ മുതൽ ഈ പദ്ധതിക്കു പിറകെ വിവാദങ്ങളുമുണ്ട്.
സംസ്ഥാനപാതയുടെ നിലവാരത്തിലുള്ള ടാറിങ് വീതിപോലും ഇല്ലാത്ത ഈ റോഡിനായി വൻ തുക മുടക്കുന്നത് അഴിമതിക്കാണെന്നായിരുന്നു തുടക്കത്തിൽ ആക്ഷേപം. റോഡിന്റെ അടിത്തറ ഒരുക്കൽ, വീതി കൂട്ടൽ, പാർശ്വഭിത്തി നിർമാണം, ഓവുചാൽ നിർമാണം എന്നിങ്ങനെ എല്ലാ കാര്യത്തിലും പരാതി ഉയർന്നു.
റോഡിന്റെ വീതിക്ക് ആനുപാതികം അല്ലാത്ത കലുങ്കുകളാണു പണിതതെന്നും ആക്ഷേപമുണ്ട്. ടാറിങ് ഒലിച്ചുപോയ സംഭവം വിവാദമാവുകയും ജനരോഷം ശക്തമാകുകയും ചെയ്തതോടെ കരാർ കമ്പനി അറ്റകുറ്റപ്പണി നടത്തി അടച്ചു. മെറ്റൽ നിറച്ചു ഉപരിതലം നന്നാക്കിയതിനാൽ ഒറ്റനോട്ടത്തിൽ ടാറിങ് ഒലിച്ചുപോയത് പുതിയതായി കാണുന്നവർക്ക് തിരിച്ചറിയാനാകില്ല.
















Comments